വിജയ്ബാബുവിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ഹോട്ടലിലും ഫ്ലാറ്റിലും പരിശോധന നടത്തും
April 28, 2022 12:23 pm
0
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു.കേസില്‍ പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി കുറച്ച് സ്ഥലങ്ങളില്‍ കൂടി തെളിവെടുപ്പ് നടക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ ഫ്ളാറ്റിലും ഹോട്ടലിലുമാണ് പരിശോധന നടത്തുക.
അതേസമയം, പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ വിമാനത്താവളങ്ങളില്‍ അടക്കം ഉടന്‍ ലുക്ക്‌ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍ വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനോടകം വിജയ് ബാബു വിദേശത്താണെന്നും വിവരമുണ്ട്. ഇന്‍സ്റ്റഗ്രാം പേജിലാണ് താന്‍ വിദേശത്താണെന്ന സൂചന വിജയ് ബാബു നല്‍കുന്നത്. എന്നാല്‍ ഇക്കാര്യം അപ്പാടെ വിശ്വസിക്കാന്‍ പൊലീസ് തയാറായിട്ടില്ല.
ഇതുവരെ വിജയ്ബാബു എവിടെയെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊച്ചിയിലെ സീനിയര്‍ അഭിഭാഷകരുമായി വിജയ് ബാബു ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നോ നാലെയോ ഇയാള്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അതേസമയം ഇയാള്‍ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. സാമൂഹിക മാധ്യമങ്ങളില്‍ ഇരയെ അപമാനിക്കുന്നരീതിയില്‍ സംസാരിച്ചതിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കഴിഞ്ഞദിവസം മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.