ദേശീയ രാഷ്ട്രീയം വിട്ട് എകെ ആന്റണി: നാളെ കേരളത്തിലേക്ക് മടങ്ങും, ഇനി തട്ടകം തിരുവനന്തപുരം
April 27, 2022 4:55 pm
0
ദില്ലി: ദീര്‍ഘകാലത്തെ ദില്ലി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവുമായ എകെ ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു.
ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച്‌ന നാളെ കേരളത്തിലേക്ക് തിരിക്കുമെന്ന് എകെ ആന്റണി തന്നെയാണ് അറിയിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും തുടര്‍ന്നുള്ള നാളുകളില്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും, എന്നാല്‍ ഇതിന് പ്രത്യേക പദ്ധതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി എന്നീ പദവികള്‍ വഹിച്ച ആന്റണിയല്ല താനിന്ന്, വയസ്സ് 81 കഴിഞ്ഞു. കാലം ഏത് മനുഷ്യന്‍റെയും വേഗത കുറക്കുമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. നേരത്തെ രാജ്യസഭ അംഗത്വ കാലാവധി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇനി താന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് എകെ ആന്റണി വ്യക്തമാക്കിയിരുന്നു.
രണ്ട് തവണ എകെ ആന്റണിക്ക് കോവിഡ് പിടിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ കോവിഡിന് ശേഷം ആരോഗ്യപരമായി കുറച്ച് പ്രശ്നങ്ങളുണ്ട്. ശരീരത്തിന് ക്ഷീണമുണ്ട്. മൂന്നു മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വലിയ തിരക്ക് ആഗ്രഹിക്കുന്നില്ല. ഭാവിയിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോടും സഹപ്രവര്‍ത്തകരോടും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ട് 28 വര്‍ഷം കഴിഞ്ഞു. പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം ഇനി സംസ്ഥാനത്തായിരിക്കും പ്രവര്‍ത്തിക്കുക. എന്നാല്‍ തനിക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ല. കേരളത്തില്‍ പാര്‍ട്ടിക്ക് ഏതെങ്കിലും നിലയില്‍ പ്രയാസം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും എ ഐ സി സി പ്രവര്‍ത്തക സമിതിയില്‍ തുടരില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ എ ഐ സി സിയുടെ അച്ചടക്ക സമിതിയുടെ അധ്യക്ഷനാണ് എകെ ആന്റണി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമായിരുന്നു കെവി തോമസിനെതിരായ അച്ചടക്ക നടപടിക്ക് അധ്യക്ഷ സോണിയ ഗാന്ധിയോട് ശുപാര്‍ശ ചെയ്തത്
പാര്‍ട്ടിയില്‍ നെഹ്രു കുടുംബത്തിന് നേര്‍ക്ക് ഉയരുന്ന വിമര്‍ശനങ്ങളേയും അദ്ദേഹം പ്രതിരോധിച്ചു. നെഹറു കുടുംബത്തിന്‍റെ നേതൃത്വമില്ലാതെ കോണ്‍ഗ്രസ് കോണ്‍ഗ്രസല്ല. പാര്‍ട്ടി തിരിച്ചു വരുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്. രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കി ഒരുപാട് കാലം ആര്‍ക്കും നിലനില്‍ക്കാനാകില്ല.ധ്രുവീകരണ നീക്കങ്ങലെ മറികടന്ന് രാജ്യത്തെ ഒരുമിപ്പിക്കേണ്ടത്. സംസ്ഥാനത്തെ നിലപാടുകള്‍ ദേശീയ രാഷ്ട്രീയ ഐക്യങ്ങളെ ബാധിക്കരുതെന്നും എകെ ആന്റണി വ്യക്തമാക്കി.