അറസ്റ്റ് ഭയന്ന് വിജയ് ബാബു വിദേശത്തേക്ക് കടന്നു
April 27, 2022 12:22 pm
0
കൊച്ചി: യുവ നടിയുടെ പീഡന പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ ഇരയുടെ പേരും വെളിപ്പെടുത്തിയ നടനും നിര്‍മാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്ന് പോലീസ്.എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ വൈ. നിസാമുദ്ദീന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അറസ്റ്റ് ഉറപ്പാണെന്ന് ബോധ്യമായതോടെയാണ് ഇയാള്‍ വിദേശത്തേക്ക് മുങ്ങിയത്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റില്‍ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതി. ഏപ്രില്‍ 22-നാണ് നടി പരാതി നല്‍കിയത്. പിന്നാലെ വിജയ് ബാബുവിനെതിരേ ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഇതിനിടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി വിശദീകരണം നല്കി. ഇതിനിടെയാണ് താനാണ് ഇരയെന്നും വ്യക്തമാക്കി പരാതിക്കാരിയുടെ പേര് ബോധപൂര്‍വം വെളിപ്പെടുത്തിയത്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഇതില്‍ ഇര ശരിക്കും താനാണെന്നും വിജയ് ബാബു ലൈവില്‍ വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദു:ഖം അനുഭവിക്കുമ്ബോള്‍ എതിര് കക്ഷി സുഖമായിരിക്കുകയാണ്.
2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന് ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400 ഓളം സ്ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്.
ഒന്നര വര്‍ഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസില്‍ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് നല്‍കുമെന്നും വിജയ് ബാബു ലൈവില്‍ പറഞ്ഞിരുന്നു.
ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്ബനിയിലൂടെ ജനപ്രിയ സിനിമകള്‍ നിര്‍മിച്ചാണ് വിജയ് ബാബു മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. നടനായി നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു.
ഫിലിപ് ആന്‍ഡ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്. 1983 ല്‍ സൂര്യന് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഇദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്.