Friday, 24th January 2025
January 24, 2025

അഭയം വേണ്ടത് വീടില്ലാത്തവര്‍ക്കാണ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെ: കെ വി തോമസ്

  • April 27, 2022 11:42 am

  • 0

കൊച്ചി: താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും കെ.വി.തോമസ്. നടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്നും കെ.വി.തോമസ് പറഞ്ഞു.

കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച്‌ ഒദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് മുന്നിലുള്ളത്. അതിന് മറുപടി പറയാനാവില്ല. ആകാശം ഇടിഞ്ഞ് വീഴുന്നതിന് ഇപ്പൊഴെ മുട്ട് കൊടുക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവന അത് കോടിയേരിയുടെ മഹത്വം. പക്ഷെ തീരുമാനം എടുക്കേണ്ടത് താനല്ലേ. രാഷ്ട്രീയ അഭയം വേണ്ടത് വീടില്ലാത്തവര്‍ക്കാണ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളത്. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ ഉചിതമായ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് വരുമ്ബോള്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമോ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എങ്ങനെ പ്രതികരിക്കുമോ ആ രീതിയില്‍ പ്രതികരിക്കും.

താന്‍ ജനിച്ചു വളര്‍ന്ന പ്രദേശമാണ് തൃക്കാക്കര. തന്റെ ചെറുപ്പകാലത്ത് കശുവണ്ടി പറുക്കാന്‍ പോയ സ്ഥലമാണ് ഇന്നത്തെ കളക്‌ട്രേറ്റ്. എന്റെ അമ്മേടെ അമ്മയുടെ വീടാണ് അത്. അവിടുള്ള എല്ലാവരേയും എനിക്കറിയാം. താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുണ്ട്. എന്നെ പഠിപ്പിച്ച അധ്യാപകരുണ്ട് ഇപ്പോഴും അവിടെ. ഉറ്റ ബന്ധുക്കളുണ്ട് സുഹൃത്തുക്കളുണ്ട്. താന്‍ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുള്ള ആളല്ലേ, ആ സമയത്ത് അതിന് ഉചിതമായ ഒരു തീരുമാനമെടുത്ത് അതനുസരിച്ച്‌ പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് വരട്ടെ നോക്കാം അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണോ നടപടി ലഘൂകരിച്ചതെന്ന ചോദ്യത്തിന് അത് മാധ്യമങ്ങള്‍ക്ക് വിശകലനം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ പാര്‍ട്ടി പ്രത്യേക ദൗത്യം ഏല്‍പ്പിച്ച പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് പ്രത്യേക ദൗത്യങ്ങളൊന്നും നിലവിലെന്നും തെരഞ്ഞെടുപ്പ് വരട്ടെ നോക്കാമെന്നും കെ.വി.തോമസ് പറഞ്ഞു.