Friday, 24th January 2025
January 24, 2025

സില്‍വര്‍ ലൈന്‍ സംവാദം : പാനല്‍ മാറ്റത്തിന് പിന്നില്‍ രാഷ്‌ട്രീയക്കളി; വിഡി സതീശന്‍

  • April 25, 2022 3:48 pm

  • 0

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്‌ധരെ അടക്കം പങ്കെടുപ്പിച്ച്‌ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലില്‍ മാറ്റം വരുത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.

സംവാദത്തില്‍ നിന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്‌ട്രീയക്കളി ഉണ്ടെന്ന് വിഡി സതീശന്‍ ആരോപിച്ചു.

രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജോസഫ് സി മാത്യുവിനെ മാറ്റിയത്. കെ റെയില്‍ കോര്‍പറേഷന്റെ ഇടപെടലിനെ തുടര്‍ന്നുള്ള ഈ ഒഴിവാക്കല്‍ ദുരൂഹമാണ്. കെആര്‍ഡിസി ചെയര്‍മാന്‍ ചീഫ് സെക്രട്ടറിക്ക് മുകളിലാണോ എന്നും വിഡി സതീശന്‍ ചോദിച്ചു. ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

ഇതിന്റെ അടിസ്‌ഥാനത്തില്‍ ജോസഫിനെ ഔദ്യോഗികമായി ക്ഷണിക്കുകയും സംവാദത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍, അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കി പകരം പരിസ്‌ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്‌ണനെ പാനലിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്‌തമാക്കാന്‍ സര്‍ക്കാരോ കെ റെയിലോ ഇതുവരെ തയ്യാറായിട്ടില്ല.

അതിനിടെ പാനലില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ജോസഫ് സി മാത്യു രംഗത്തെത്തി. എതിര്‍ ചോദ്യങ്ങളെ ഭയക്കുന്നതിനാലാണ് സര്‍ക്കാര്‍ സംവാദത്തില്‍ നിന്ന് തന്നെ മാറ്റിയത്. രാഷ്‌ട്രീയ കാരണങ്ങളാണ് ഒഴിവാക്കല്‍ നടപടിക്ക് പിന്നില്‍. സര്‍ക്കാര്‍ രേഖാമൂലമാണ് ക്ഷണിച്ചത്. സംവാദത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. തന്നെ ഒഴിവാക്കിയതില്‍ ചീഫ് സെക്രട്ടറി മറുപടി പറയണമെന്നും ജോസഫ് സി മാത്യു ആവശ്യപ്പെട്ടു.

ഇന്ത്യന്‍ റെയില്‍വേ റിട്ട. ചീഫ് എഞ്ചിനിയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ.കോളേജ് ഓഫ് എഞ്ചിനിയറിങ് റിട്ട.പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോന്‍, പരിസ്‌ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്‌ണന്‍ എന്നിവരാകും ഇനി പദ്ധതിയെ എതിര്‍ത്ത് സംവാദത്തില്‍ പങ്കെടുക്കുക. മെയ് 28ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ചാണ് പരിപാടി നടക്കുക.