Friday, 24th January 2025
January 24, 2025

മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ് അന്‍സാരിക്ക് പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം

  • April 25, 2022 2:25 pm

  • 0

കൊച്ചി: സ്ത്രീപീഡനക്കേസുകളില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ് അന്‍സാരിക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ബുധനാഴ്ച മുതല്‍ നാലുദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം.

നാല് കേസുകളിലാണ് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചത്. ബുധനാഴ്ച മുതല്‍ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവെക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്നും, അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

തനിക്കെതിരെയുള്ള പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന വാദമുന്നയിച്ചാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. അനീസ് അന്‍സാരിക്കെതിരെ മൊത്തം ഏഴു കേസുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലഭിച്ച പരാതികളില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

വിവാഹദിനത്തില്‍ മേക്കപ്പിനു വന്നപ്പോള്‍ അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന വിദേശ മലയാളി യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. അനീസിനെതിരെ മറ്റ് പരാതികള്‍ ഉയര്‍ന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്നും യുവതി പരാതിയില്‍ വെളിപ്പെടുത്തി. മെയില്‍ വഴി അയച്ച പരാതി ആദ്യം രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചുവെങ്കിലും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തു.