Friday, 24th January 2025
January 24, 2025

മ്യൂസിയത്തിലെ ടോയ്ലെറ്റുകളില്‍ ആര്യ രാജേന്ദ്രന്റെ മിന്നല്‍ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

  • April 25, 2022 10:11 am

  • 0

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ മുന്നറിയിപ്പില്ലാതെ മിന്നല്‍ പരിശോധന നടത്തി മേയര്‍ ആര്യ രാജേന്ദ്രന്‍.ഇന്നലെയായിരുന്നു മേയറുടെ സന്ദര്‍ശനം. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. മ്യൂസിയത്തിലെ സുലഭ് ടോയ്ലെറ്റുകളിലെത്തുന്ന പെണ്‍കുട്ടികളോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും ബാക്കി പണം നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്ന് പലരും പരാതി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സുലഭിന്റെ നിയന്ത്രണത്തിലുള്ള ചില ടോയ്ലെറ്റുകളിലെത്തുന്നവരില്‍ നിന്നും ഇത്തരം പരാതികള്‍ തുടര്‍ച്ചയായി ഉണ്ടാവുകയാണെന്നും ഇതു ചൂണ്ടിക്കാട്ടി സുലഭ് മാനേജ്‌മെന്റിന് കത്തയയ്ക്കുമെന്നും മേയര്‍ പറഞ്ഞു.

ഉച്ചയ്ക്ക് ഒന്നരയോടെ മ്യൂസിയം സ്റ്റേഷന്റെ ഗേറ്റിനരികിലുളള ടോയ്ലെറ്റിലാണ് മേയര്‍ ആദ്യമെത്തിയത്. അവിടെയുണ്ടായിരുന്ന സ്ത്രീകളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എത്ര രൂപയാണ് വാങ്ങിയതെന്നും അന്വേഷിച്ചു. ഇവരുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ മേയര്‍ അടിയന്തരമായി മ്യൂസിയം ഡയറക്ടറെ കാണണമെന്ന് അവിടെയുണ്ടായിരുന്ന ഗാര്‍ഡുകളോട് ആവശ്യപ്പെട്ടു.

സുലഭ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ആരും മ്യൂസിയത്തിലേക്ക് വരാറില്ലെന്നും ദുര്‍ഗന്ധം ഉയരുമ്ബോള്‍ മാത്രമാണ് അവര്‍ ഇവിടെയെത്തി വൃത്തിയാക്കുന്നതെന്നും മൃഗശാല ജീവനക്കാര്‍ മേയറെ അറിയിച്ചു. സുലഭിനെതിരെ നേരിട്ട് നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് പരിമിതിയുള്ളതിനാല്‍ ടോയ്ലെറ്റുകള്‍ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മ്യൂസിയം ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മേയര്‍ വ്യക്തമാക്കി.