ബസില്‍ യുവാവ് കുഴഞ്ഞുവീണു; പുതുജീവന്‍ നല്‍കി ദൈവത്തിന്റെ മാലാഖ
April 22, 2022 12:36 pm
0
കൊച്ചി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന നഴ്‌സിന്റെ കാരുണ്യസ്പര്‍ശത്തില്‍ സഹയാത്രക്കാരന് പുതുജീവന്‍.അങ്കമാലി പടിക്കപ്പറമ്ബില്‍ ഷീബ അനീഷിന്റെ കൃത്യസമയത്തെ ഇടപെടലില്‍ വിഷ്ണു എന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി.
അങ്കമാലി, കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ന്യുറോ ഐസിയു സ്റ്റാഫ് നഴ്‌സായ ഷീബ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ വീട്ടിലേക്കു മടങ്ങുമ്ബോള്‍ കെ എസ് ആര്‍ ടി സി ബസിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. കറുകുറ്റി കേബിള്‍ ജംഗ്ഷനില്‍ നിന്നും ബസില്‍ കയറിയ ഷീബയുടെ പിന്നില്‍ ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഫുട്‌ബോര്‍ഡിനു സമീപത്തു നിന്നും യുവാവിനെ മാറ്റികിടത്തിയ ശേഷം പള്‍സ് നോക്കിയപ്പോള്‍ കിട്ടാതിരുന്നതിനാല്‍ പെട്ടെന്ന് തന്നെ സി പി ആര്‍ നല്‍കി.
സി പി ആര്‍ രണ്ടു സൈക്കിള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അപസ്മാരവും ഉണ്ടായി. തുടര്‍ന്ന് ചരിച്ചുകിടത്തി പുറം തട്ടി കൊടുക്കുകയും ചെയ്തപ്പോള്‍ ബോധം വീഴുകയായിരുന്നു. കൃത്യസമയത്തെ ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ നഴ്‌സായ ഷീബ അനീഷ്.
പള്‍സ് കിട്ടാതെ വന്നതോടെ സിപിആര്‍ നല്‍കാനാണ് തോന്നിയത്. നൂറോ സര്‍ജറി ഐസിയുവില്‍ ജോലി ചെയ്യുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും അടിയന്തര ചികിത്സ നല്‍കാനുള്ള മനസുമായാണ് ജീവിക്കുന്നതെന്ന് ഷീബ പറഞ്ഞു.
ആദ്യ സിപിആര്‍ കൊടുത്തതോടെ ആള് അനങ്ങാന്‍ തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആര്‍ ചെയ്തു. ഇതിനിടെ യുവാവ് ഫിറ്റ്‌സിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകള്‍ നല്‍കി. ഇതിനിടെ ഉണര്‍ന്ന വിഷ്ണു ആദ്യം അമ്ബരന്നു. ‘എനിക്ക് എന്താണു പറ്റിയത്‘ എന്നു ചോദിച്ചാണ് അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വിഷ്ണുവിനെ പ്രവേശിപ്പിച്ചു തുടര്‍ചികിത്സ നല്‍കുകയായിരുന്നു. ഇയാള്‍ക്ക് ഹൃദ്രോഗം പോലെയുള്ള പ്രശ്‌നങ്ങളില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകള്‍ക്കായി എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു.
എറണാകുളം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ ജോലി ചെയ്തുള്ള അനുഭവ പരിചയമാണ് പെട്ടെന്നൊരു അടിയന്തര സാഹചര്യത്തില്‍ ഇടപെടാനുള്ള ധൈര്യം നല്‍കിയതെന്ന് ഷീബ പറയുന്നു. ഇപ്പോള്‍ ഏഴു മാസമായി കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐസിയുവിലാണ് ജോലി.
ഭര്‍ത്താവ് പി.എസ്.അനീഷ് പിറവം, പേപ്പതി ചിന്‍മയ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് ഡയറക്ടറാണ്. തിരക്കുപിടിച്ച ഈ ജീവിതത്തില്‍ സഹജീവികളെ കരുതാനുള്ള ഷീബയുടെ ആ വലിയ മനസ്സിനു നന്ദി പറയുകയാണ് വിഷ്ണുവും, വിഷ്ണുവിന്റെ ബന്ധുമിത്രാതികളും. ഒപ്പം അങ്കമാലിക്കാരും സമൂഹ മാധ്യമങ്ങളും.