Friday, 24th January 2025
January 24, 2025

നിമിഷപ്രിയയുടെ മോചനം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യെമന്‍ പൗരന്റെ കുടുംബം, ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ നല്‍കണം

  • April 22, 2022 11:17 am

  • 0

സനാ: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് ആയ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച്‌ ചര്‍ച്ചയില്‍ പുരോഗതി.ദയാധനത്തെപ്പറ്റി ച‌ര്‍ച്ചചെയ്യാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചു.

യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ ആവശ്യപ്പെട്ടുവെന്നും റംസാന്‍ അവസാനിക്കും മുന്‍പ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്ത് ദശലക്ഷം യെമന്‍ റിയാല്‍ കോടതി ചെലവ് ഇനത്തില്‍ പിഴയും നല്‍കണം.

അതേസമയം,യെമനിലേക്ക് പോകാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും നിമിഷപ്രിയയുടെ കുടുംബവും. മരിച്ച തലാലിന്റെ കുടുംബത്തോടും അവിടത്തെ ജനങ്ങളോടും മാപ്പപേക്ഷിക്കുന്നതിനായി നിമിഷപ്രിയയുടെ മകളുമായി യെമനിലേക്ക് പോകുമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞിരുന്നു. ഇവരെ കൂടാതെ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാല് പേരും കേന്ദ്ര സ‌ര്‍ക്കാരിന്റെ അനുമതിക്കായി അപേക്ഷ നല്‍കിയിരിക്കുകയാണ്.

വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള അവസാനവട്ട ശ്രമമെന്ന നിലയിലാണ് ഇവര്‍ യെമനിലേക്ക് പോകുന്നത്. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും അമ്മയ്ക്ക് അയച്ച കത്തില്‍ നിമിഷ പറഞ്ഞിരുന്നു.

തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദ്ധാനവുമായി എത്തിയ തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്തു ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.

നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബമോ സംഘടനകളോ നടത്തുന്ന ചര്‍ച്ചയ്ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.