സമരക്കാര്‍ക്ക് നേരെ കാലുയര്‍ത്തുന്നതിന് മുമ്ബ് മൂന്നുവട്ടം ആലോചിക്കണം; വി.ഡി സതീശന്‍
April 21, 2022 3:31 pm
0
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച സമരക്കാരെ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.
ക്രൂരമര്‍ദനമാണ് പൊലീസ് നടത്തിയത്. അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. ദൃശ്യമാധ്യമങ്ങളില്‍ കൃത്യമായ തെളിവുണ്ട്. കള്ളക്കേസ് എടുത്ത് പിന്തിരിപ്പിക്കാമെന്ന് കരുതണ്ട. ഡല്‍ഹി പൊലീസും കേരള പൊലീസും ഒരു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കാടത്തമാണ് പൊലീസ് കാട്ടുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കാലുയര്‍ത്തുന്ന പൊലീസുകാര്‍ മൂന്നു പ്രാവിശ്യം ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അതിക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം, അല്ലങ്കില്‍ കാണാമെന്നും വി.ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.
കഴക്കൂട്ടം കരിച്ചാറയില്‍ കെ–റെയില്‍ കല്ലിടലിനെത്തിയപ്പോഴാണ് പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി. ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മംഗലപുരം സി.ഐ ആണ് ബൂട്ടിട്ട് ചവിട്ടിയതെന്ന് മര്‍ദനമേറ്റയാള്‍ മീഡിയവണിനോട് പറഞ്ഞു.
ഇന്ന് രാവിലെയാണ് സില്‍വര്‍ ലൈന്‍ സര്‍വേ വീണ്ടും തുടങ്ങിയത്. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടന്‍തന്നെ നാട്ടുകാരും കോണ്‍്ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. പൊലീസ് നേരത്തെ തന്നെ ഇവിടെ തമ്ബടിച്ചിരുന്നു. കല്ലുനാട്ടാന്‍ ശ്രമം തുടങ്ങിയതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധം കനത്തതോടെ പൊലീസ് ഇവിടെനിന്ന് മടങ്ങിപ്പോവുകയായിരുന്നു.