രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് കുഞ്ഞാലിക്കുട്ടിയെന്ന് ഇ.പി ജയരാജന്‍
April 21, 2022 2:39 pm
0
കണ്ണൂര്‍: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ വീണ്ടും പ്രശംസിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണെന്നാണ് ജയരാജന്റെ പ്രശംസ. ലീഗിനെ എല്‍.ഡി.എഫ് മുന്നണിയിലേക്ക് ക്ഷണിച്ച തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
എല്‍.ഡി.എഫ്. കണ്‍വീനറായതിനു പിന്നാലെ മുസ്‌ലിം ലീഗിനെ മുന്‍നിര്‍ത്തി ഇ.പി. ജയരാജന്‍ രാഷ്ട്രീയചര്‍ച്ച സജീവമാക്കിയിരുന്നു. ലീഗിന് എല്‍.ഡി.എഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇ.പി ജയരാജന്റെ ആദ്യത്തെ പ്രതികരണം.
മുന്നണി വിപുലീകരണം എല്‍.ഡി.എഫിന്‍റെ അജണ്ടയിലുണ്ട്. കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണി കൂടുതല്‍ ശക്തിപ്പെടുമെന്നും അതൊരു മനുഷ്യമഹാപ്രവാഹമായി മാറുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ് വന്നാല്‍ മുന്നണിപ്രവേശം അപ്പോള്‍ ആലോചിക്കാം. എല്‍.ഡി.എഫിന്‍റെ കവാടങ്ങള്‍ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എല്‍.ഡി.എഫ് നയമാണ്. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്. അത് പ്രകടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ടെന്നും ഇ.പി ജയരാജന്‍ നേരത്തേ പറഞ്ഞിരുന്നു.