സില്‍വര്‍ ലൈന്‍ കല്ലിടല്‍ വീണ്ടും തുടങ്ങി; കഴക്കൂട്ടത്ത് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ചവിട്ടിക്കൂട്ടി
April 21, 2022 12:38 pm
0
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സില്‍വര്‍ കല്ലിടല്‍ വീണ്ടും തുടങ്ങി. ഇന്നു രാവിലെ കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ രൂക്ഷമായ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി.
കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് നടപടിയില്‍ നിരവധി നാട്ടുകാര്‍ക്ക് പരുക്കേറ്റു. വിവരമറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തി. ഉന്തിനും തളളിനും ഇടയില്‍ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തുകയായിരുന്നു.
പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവച്ചു സര്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്നും മടങ്ങി. ഒരിടവേളയ്ക്ക് ശേഷമാണ് സില്‍വര്‍ ലൈന്‍ കല്ലിടല്‍ പുനരാരംഭിച്ചത്. ഒരു മാസമായി നിര്‍ത്തിവച്ച കല്ലിടല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് പുനരാരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ സര്‍വ്വേ താല്‍ക്കാലികമായി ഉപേക്ഷിച്ചിരിക്കുകയാണ്.