Friday, 24th January 2025
January 24, 2025

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ സതീശന്‍ പങ്കെടുത്തു, ഇരട്ട നീതി പാടില്ല: കെ.വി തോമസ്

  • April 21, 2022 11:08 am

  • 0

എറണാകുളം: അച്ചടക്കത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇരട്ടനീതി പാടില്ലെന്ന് കെ.വി തോമസ്. തനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറൊരു രീതിയും അംഗീകരിക്കാനാകില്ല.

മുഖ്യമന്ത്രി വിളിച്ച ഇഫ്ത്താറില്‍ വി.ഡി സതീശനും എ..വൈ.എഫ് സെമിനാറില്‍ പി.സി വിഷ്ണുനാഥും പങ്കെടുത്തത് ശരിയാണോയെന്നും കെ.വി തോമസ് ചോദിച്ചു . സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് വിശദീകരണം നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് സമയം ചോദിച്ചിട്ടുണ്ടെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ.വി തോമസ് നല്‍കിയ വിശദീകരണം പരിശോധിക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ഡല്‍ഹി എ..സി.സി ആസ്ഥാനത്താണ് യോഗം. മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് അച്ചടക്ക സമിതി തീരുമാനം.

കെ.വി തോമസിന് എതിരെ കടുത്ത നടപടി വേണമെന്ന് തന്നെയാണ് കെ.പി.സി.സി നിലപാട്. തനിക്കെതിരായ പരാതി അച്ചടക്ക സമിതി മുമ്ബാകെ ഉള്ളപ്പോഴും കെ.പി.സി.സി നേതൃത്വത്തെ കെവി തോമസ് വിമര്‍ശിക്കുന്നത് തുടരുകയാണ്. ഇത് തന്നെയാണ് കെ.പി.സി.സി നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതും. ഏപ്രില്‍ പതിനൊന്നിന് ചേര്‍ന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിന് എതിരായ പരാതി പരിശോധിച്ചത്. യോഗത്തിന്റെ തീരുമാനപ്രകാരമാണ് കെ.വി തോമസിനോട് സമിതി വിശദീകരണം ആവശ്യപ്പെട്ടതും.

കെ.പി.സി.സി നേതൃത്വത്തിന് എതിരായ ആരോപണങ്ങളും സി.പി.എം സെമിനാറില്‍ പങ്കെടുത്തത് ശരിയായ തീരുമാനമെന്ന നിലപാടും കെ.വി തോമസ് വിശദീകരണത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. വി.എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ മുന്‍കാലങ്ങളില്‍ പാര്‍ട്ടിക്കെതിരെ നടത്തിയ പ്രസ്താവനകളും എ.കെ ആന്റണി അധ്യക്ഷനായ സമിതിക്ക് നല്‍കിയ വിശദീകരണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.