Sunday, 26th January 2025
January 26, 2025

ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍191 രാജ്യങ്ങളില്‍ യെലോ നോട്ടീസ്

  • April 19, 2022 10:12 am

  • 0

കൊച്ചി: പത്തനംതിട്ട മൂക്കാട്ടുതറയില്‍ നിന്ന് നാല് വര്‍ഷം മുമ്ബ് കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ സി.ബി.ഐ യെലോ നോട്ടീസ് പുറപ്പെടുവിച്ചു.

ജസ്‌ന എവിടെയാണെന്നത് സംബന്ധിച്ച്‌ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് യെലോ നോട്ടിസ് ഇറക്കിയത്. ജസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ എന്നിവയും ഇന്‍റര്‍പോളിന് കൈമാറിയിട്ടുണ്ട്.

2018 മാര്‍ച്ച്‌ 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറയിലുള്ള വീട്ടില്‍ നിന്ന് കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജെസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജെസ്നയെക്കുറിച്ച്‌ വിവരങ്ങളൊന്നുമില്ല.

2021 ഫെബ്രുവരി 19 നാണ് ജസ്ന തിരോധാനകേസില്‍ കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ( കാസ) എന്ന സംഘടന ഹൈകോടതിയെ സമീപിച്ചിരുന്നു.

ലോക്കല്‍ പൊലീസും ശേഷം ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. കാര്യമില്ലാതെ വന്നതോടെ പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. അന്വേഷണ ഏജന്‍സികള്‍ പലതും മാറി വന്നിട്ടും ഇതുവരെ ജെസ്‌നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയില്‍ കേസ് അന്വേഷണം ഹൈകോടതി സി.ബി.ഐക്ക് വിട്ടത്.