പാലക്കാട്ടെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയി
April 18, 2022 4:44 pm
0
പാലക്കാട്: എസ് ഡി പി ഐ, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയി.
സര്‍വകക്ഷി യോഗം ആരംഭിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ബി ജെ പി പ്രതിനിധികള്‍ ഇറങ്ങിപ്പോകുകയായിരുന്നു. പറയാനുള്ളത് പറഞ്ഞെന്നും നേരത്തേ ഇത്തരം സംഭവങ്ങളുണ്ടായപ്പോള്‍ സര്‍വകക്ഷി യോഗം വിളിക്കണമായിരുന്നെന്നുമുള്ള ന്യായീകരണമാണ് ബഹിഷ്‌കരണത്തിന് ബി ജെ പി ഉന്നയിക്കുന്നത്.
പോലീസും ഭരണകൂടവും കൊലപാതകികള്‍ക്കൊപ്പമാണെന്നും അതിനാല്‍ ഇത്തരം യോഗം പ്രഹസനമാണെന്നും ബി ജെ പി സംസ്ഥാന നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ എം പിമാരും എം എല്‍ എമാരും വിവിധ പാര്‍ട്ടികളിലെ പ്രതിനിധികളും പങ്കെടുത്തു. എസ് ഡി പി ഐ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ബി ജെ പി ഇറങ്ങിപ്പോയെങ്കിലും സര്‍വകക്ഷിയോഗം പുരോഗമിക്കുകയാണ്.