Sunday, 26th January 2025
January 26, 2025

മയോക്ലിനിക്കിലെ ചികിത്സ: മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

  • April 18, 2022 12:43 pm

  • 0

തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്.മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി ശനിയാഴ്ച്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ അനുഗമിക്കും, മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാം അടുത്ത ദിവസങ്ങളില്‍ വ്യക്തതത ലഭിക്കും.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് റദ്ദാക്കിയിരുന്നു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഇക്കാര്യം വ്യക്തമാക്കി പൊതുഭരണ അക്കൗണ്ട്സ് വിഭാഗം പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഏപ്രില്‍ 13 നാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കു പണം അനുവദിച്ച്‌ ആദ്യ ഉത്തരവിറങ്ങിയത്. ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാന്‍ മാര്‍ച്ച്‌ 30 നാണ് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയത്. തുടര്‍ന്നാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍പരിശോധനയില്‍, ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നല്‍കിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച്‌ അടയ്ക്കണമെന്നാണ് ആദ്യം ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്.

തുടര്‍പരിശോധനയില്‍, ക്രമപ്രകാരമല്ലാതെ തുക മാറി നല്‍കിയതായി കണ്ടെത്തിയാല്‍ തിരിച്ചടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നതും ഉചിതമല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വസ്തുതാപരമായ ഇത്തരം പിശകുകള്‍ ഉത്തരവില്‍ കടന്നു കൂടിയത് കൊണ്ടാണ് ഉത്തരവ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.