നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; ദിലീപ് ശബരിമല ദര്‍ശനത്തില്‍
April 18, 2022 11:36 am
0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈെ ബ്രാഞ്ച് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും.തുടരന്വേഷണം ഏപ്രില്‍ 15നകം പൂര്‍ത്തിയാക്കാനായിരുന്നു കോടതി നിര്‍ദേശം. അന്വേഷണത്തിന് മൂന്ന് മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ഇന്ന് വിചാരണ കോടതിയെ അറിയിക്കും.
മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരം കൈമാറിയെന്ന പരാതിയില്‍ എ.ഡി.ജി.പി ഇന്ന് വിശദീകരണവും നല്‍കും. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി എസ് ശ്രീജിത്ത് ഇന്ന് വിചാരണക്കോടതിയില്‍ ഹാജരാവുന്നത്.
ഇതിനിടെ, കേസില്‍ പ്രതിയായ നടന്‍ ദിലീപ് തിങ്കളാഴ്ച ശബരിമല ദര്‍ശനം നടത്തി. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ സുഹൃത്ത് ശരത്ത്, മനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. ഇന്നലെ രാത്രി തന്നെ ദിലീപ് ശബരിമലയില്‍ എത്തിയിരുന്നു.
അതേസമയം, സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ക്രൈബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.