Sunday, 26th January 2025
January 26, 2025

24 മണിക്കൂറിനുള്ളില്‍ വീണ്ടും കൊലപാതകം; പകച്ച്‌ പാലക്കാട്

  • April 16, 2022 3:09 pm

  • 0

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയവെ പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം.ആര്‍എസ്‌എസ് ശാരീരിക് ശിക്ഷക് പ്രമുഖ് എസ്‌കെ ശ്രീനിവാസനെയാണ് അജ്ഞാത സംഘം കടയില്‍ കയറി വെട്ടിക്കൊന്നത്. കൃത്യത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചു.

ഇന്നലെ കാറിലെത്തിയ സംഘമാണ് സുബൈറിനെ കൊന്നത് എങ്കില്‍, ഇന്ന് ബൈക്കിലെത്തിയവരാണ് ശ്രീനിവാസനെ വെട്ടിയത്. നഗരത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ വില്‍ക്കുന്ന കടയില്‍ കയറിയായിരുന്നു ആക്രമണം. സംഭവം നടക്കുമ്ബോള്‍ പരിസരത്ത് അധികം ആളുകളുണ്ടായിരുന്നില്ല എന്നാണ് ദൃക്‌സാക്ഷി മീഡിയവണിനോട് പറഞ്ഞത്. തലയ്ക്കും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ തങ്കം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ കനത്ത സുരക്ഷയാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്നത്. വടക്കന്‍ മേഖലാ ഐജി അശോക് യാദവ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പാലക്കാടെത്തിയിരുന്നു.

സുബൈറിന്‍റേത് രാഷ്ട്രീയക്കൊല

സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. പ്രതികള്‍ക്കായി പൊലീസ് അനേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. അഞ്ചു പ്രതികളാണ് നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നേരത്തെ, ആര്‍.എസ്.എസ് പ്രവര്‍ത്തകള്‍ സഞ്ജിത് കൊലപെട്ട ദിവസം നടന്ന വിലാപയാത്രയില്‍ സുബൈറിന്റെ വീടിനും,കടക്കും നേരെ ആക്രമണം നടന്നിരുന്നെന്ന് സുബൈറിന്റെ മകന്‍ സജാദ് മീഡിയവണിനോട് പറഞ്ഞു. സഞ്ജിത്തിനെ കൊലപെടുത്തിയത് സുബൈറാണെന്ന് വരുത്തിതീര്‍ക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചതായി ബന്ധു ഫാറൂഖും പറഞ്ഞു.

ഇന്നലെ ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം തിരിച്ചുവരുമ്ബോഴാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് കൊലനടത്തിയതെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്.

കാര്‍ കണ്ടെത്തി

സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്. കഞ്ചിക്കോട് നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്നിന്ന് കാര്‍ കണ്ടെത്തിയിരിക്കുന്നത്. KL 9 AQ 7901 മാരുതി അള്‍ട്ടോ കാറാണ് കണ്ടെത്തിയത്. കാറില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. കൃപേഷ് എന്ന് വ്യക്തിയുടെ കാറാണ് എന്നാണ് മോട്ടോര്‍വകുപ്പിന്റെ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് കാര്‍ കണ്ടെന്ന് സമീപത്തെ കടയുടമ പറഞ്ഞു. ആരും എത്താത്തതിനാല്‍ രാത്രി ഒമ്ബതുമണിയോടെ പൊലീസിനെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു. കാറിന് രാത്രി പൊലീസ് കാവലേര്‍പ്പെടുത്തിയെന്നും കടയുടമ പറഞ്ഞു.

സുബൈറിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണ്. എന്നാല്‍ തങ്ങള്‍ക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് സഞ്ജിത്തിന്റെ പിതാവ് അറുമുഖന്‍ പറഞ്ഞു. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന്റെ മുമ്ബ് കാര്‍ ഒരു വര്‍ക്ക്ഷോപ്പില്‍ കൊടുത്തുവെന്ന് പറഞ്ഞിരുന്നു. കൊല്ലപ്പെട്ടതിന് ശേഷം കാര്‍ വാങ്ങാന്‍ പോയിട്ടില്ല. ആരാണ് ഇപ്പോള്‍ അതുപയോഗിക്കുന്നത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.