Sunday, 26th January 2025
January 26, 2025

കാര്‍ വാങ്ങിയത് അമ്ബലത്തില്‍ പോകാനെന്ന് പറഞ്ഞ്; സുബൈര്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

  • April 16, 2022 11:39 am

  • 0

പാലക്കാട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതില്‍ പുതിയ വെളിപ്പെടുത്തല്‍.കള്ളിമുള്ളി സ്വദേശി രമേശിനാണ് താന്‍ വാഹനം നല്‍കിയതെന്ന് കാര്‍ ഉപയോഗിച്ചിരുന്ന അലിയാര്‍. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനാണ് രമേശെന്നും പൊലീസ് വീട്ടിലെത്തി വിവരങ്ങള്‍ തേടിയിരുന്നതായും അലിയാര്‍ പറയുന്നു.

അമ്ബലത്തില്‍ പോകാനെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ കാര്‍ ആവശ്യപ്പെട്ടത്. വാര്‍ത്തയ്ക്ക് പിന്നാലെ രമേശിനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ഓഫായിരുന്നു. കൊല്ലപ്പെട്ട സുബൈറിന്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. രമേഷിന്റെ ഫോട്ടോയും നമ്ബറുമുണ്ട്. കാര്‍ ആവശ്യപ്പെടുന്നതിന്റെ കോള്‍ റെക്കോര്‍ഡ് പൊലീസിന് കൈമാറിയെന്നും അലിയാര്‍ പറഞ്ഞു.

അതേസമയം കാര്‍ തന്റെ പേരിലാണെങ്കിലും ഉപയോഗിക്കുന്നത് താനല്ലെന്ന് കാറിന്റെ യഥാര്‍ത്ഥ ഉടമ കൃപേഷ്. രണ്ടുവര്‍ഷമായി അലിയാര്‍ എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അലിയാര്‍ ആര്‍ക്കൊക്കെ കാര്‍ നല്‍കിയെന്ന് അറിയില്ലെന്നും കൃപേഷ് വ്യക്തമാക്കി. KL9 AQ 79 Ol എന്ന ഓള്‍ട്ടോ 800 കാര്‍ ആണ് കഞ്ചിക്കോട് വ്യവസായിക മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം നടന്ന പാതയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളി സംഘം കാര്‍ ഇവിടെയുപേക്ഷിച്ച്‌ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.