Monday, 27th January 2025
January 27, 2025

വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ, സമരക്കാരെ പരിഹസിച്ച്‌ കെ എസ് ഇ ബി ചെയര്‍മാന്‍

  • April 14, 2022 3:11 pm

  • 0

തിരുവനന്തപുരം: സമരക്കാരെ പരിഹസിച്ച്‌ കെഎസ്‌ഇബി ചെയര്‍മാന്‍ ഡോക്‌ടര്‍ ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്‌ഇബിയില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. പരസ്പര ബഹുമാനത്തോടെയുള്ള സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിന്റെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെയര്‍മാന്റെ ഏകാധിപത്യ പ്രവണതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഓഫീസേഴ‌്സ് അസോസിയേഷന്‍ പറയുന്നത്. സ്ഥലം മാറ്റം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഇവര്‍ വ്യക്തമാക്കി.

ഒരു ദിവസം മുന്നേ നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ് ഫിനാന്‍സ് ഡയറക്ടറെ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയ്‌ക്ക് നിയോഗിച്ചത്. ചര്‍ച്ചക്ക് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അതൊടൊപ്പം തന്നെ സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കിയിരുന്നു.

സംസ്ഥാന ഭാരവാഹി ജാസ‌്മിന്‍ ബാനുവിനെ സീതത്തോട്ടിലേക്കാണ് മാറ്റിയത്. സംസ്ഥാന പ്രസി‍ഡന്‍റ് എംജി സുരേഷ്കുമാറിനെ വൈദ്യുതി ഭവനില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയ ഓഫീസേഴ‌്സ് അസോസിയേഷന് കനത്ത തിരിച്ചടിയായിരുന്നു ചെയര്‍മാന്റെ അപ്രതീക്ഷിത നീക്കം.