Monday, 27th January 2025
January 27, 2025

ചക്രവാതച്ചുഴി, കനത്ത മഴ തുടരും; ഏഴുജില്ലകളില്‍ മുന്നറിയിപ്പ്

  • April 12, 2022 2:57 pm

  • 0

തിരുവനന്തപുരം: തമിഴ്‌നാടിന്റെ തീരത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരും.ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി , എറണാകുളം ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുളളത്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നുംമുന്നറിയിപ്പില്‍ പറയുന്നു. നാളെയും ഏഴു ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാള്‍ നാലു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടു മുതല്‍ 10 വരെ ഇടിമിന്നല്‍ സാധ്യത കൂടുതലാണ്. മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരള തീരത്ത് ഇന്ന് അര്‍ധരാത്രി വരെ കടല്‍ക്ഷോഭത്തിന് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.