ജ്യോതിലാല്‍ വീണ്ടും പൊതുഭരണ വകുപ്പില്‍; ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍
April 12, 2022 2:17 pm
0
തിരുവനന്തപുരം: കെ.ആര്. ജ്യോതിലാലിനെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വീണ്ടും നിയമിച്ചു.നയതന്ത്ര സ്വര്ണക്കേസില്പ്പെട്ട എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകളും നല്കി.
ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്നാണ് ജ്യോതിലാലിനെ പൊതുഭരണ വകുപ്പില്‍ നിന്നും മാറ്റിയത്. ഗവര്‍ണറുടെ പഴ്സണല്‍ സ്റ്റാഫില്‍ ബിജെപി നേതാവ് ഹരി എസ്. കര്‍ത്തയെ നിയമിച്ചതിനെ ജ്യോതിലാല്‍ ചോദ്യം ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ജ്യോതിലാല്‍ ഗവര്‍ണര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതില്‍ കലിപൂണ്ട ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു.തുടര്‍ന്ന് ജ്യോതിലാലിനെ സ്ഥാനത്ത് നിന്നും മാറ്റിയപ്പോഴാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടത്. ശാരദ മുരളീധരനെയാണ് സര്‍ക്കാര്‍ പകരം നിയമിച്ചത്.
നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍പ്പെട്ട് സസ്പെന്‍ഷനിലായ എം. ശിവശങ്കര്‍ സര്‍വീസില്‍ തിരികെയെത്തിയപ്പോള്‍ സ്പോര്‍ട്സ്-യുവജന കാര്യ വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരുന്നത്. ശിവശങ്കറിന് ഇപ്പോള്‍ മൃഗസംരക്ഷണത്തിന്റെയും ഡയറി ഡെവലെപ്മെന്റിന്റെയും അധിക ചുമതല നല്കി.
തദ്ദേശവകുപ്പ് അഡി.ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഐടി വകുപ്പിന്റെ അധിക ചുമതല നല്കി. ഐടി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്റെ ചുമതല നല്കി. പ്ലാനിംഗ് ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടെ ചുമതലയും ഇദ്ദേഹം വഹിക്കും.
കെ.എസ്.ശ്രീനിവാസ് ഐഎഎസാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ടിങ്കു ബിസ്വാള്‍ ഐഎഎസിനെ ഭക്ഷ്യ, സിവില്‍ സപ്ലൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി. അജിത് കുമാര്‍ ഐഎഎസാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ സെക്രട്ടറി. പ്രിയങ്ക ഐഎഎസിനെ വനിതാ ശിശുവികസന വകുപ്പില്‍ ഡയറക്ടറായി നിയമിച്ചു.