കെ.വി.തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനെന്ന് കെ. സുധാകരന്‍
April 11, 2022 2:56 pm
0
കൊച്ചി: കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി തോമസെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ.വി തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നും കിട്ടിയ അധികാരങ്ങള്‍ അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാകാമെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുധാകരന്‍ പരിഹസിച്ചു.
കെ.വി. തേമസിനെതിരായ സൈബര്‍ ആക്രമണം നേതൃത്വം അറിഞ്ഞില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ തോമസ് മാഷിനു മുന്നില്‍ കുമ്ബിട്ട് നില്‍ക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പി സി.പി.എമ്മുമായി കൈകോര്‍ക്കുകയാണ്, കേരളത്തില്‍ കോണ്‍ഗ്രസ് ഇനി അധികാരത്തില്‍ എത്താതിരിക്കുകയാണ് ഇവരുടെ ലക്ഷ്യം. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്. ഇതിന് ഇടനിലക്കാരനുള്ളതായി സംശയമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനാണ് യച്ചൂരിയെത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി വിജയന് അടിമപ്പെട്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ വിമര്‍ശിച്ചു.
അതേസമയം കെ.വി തോമസിനെതിരെയുള്ള നടപടി ഇന്ന് ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് കെ.വി. തോമസിനെതിരെ കെ.പി.സി.സി നടപടി ആവശ്യപ്പെട്ടിരുന്നു. കെ.പി.സി.സി നല്‍കിയ കത്ത് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറുകയായിരുന്നു.
കെ.വി. തോമസും സി.പി.എമ്മും അച്ചടക്ക നടപടിയാണ് ആഗ്രഹിക്കുന്നതെന്ന വിലയിരുത്തലില്‍ വിഷയത്തില്‍ മെല്ലപ്പോക്ക് നയമാണ് പാര്‍ട്ടി സ്വീകരിച്ചത്. എ.കെ. ആന്‍റണി അധ്യക്ഷനായ സമിതി ഇന്ന് യോഗം ചേര്‍ന്നു കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാണ് സാധ്യത.