മമ്മൂട്ടി എന്റെ എടുത്ത് വരണം; മകളുടെ കഥ സിനിമയാക്കണം; എനിക്ക് ചാന്‍സും വേണം; എന്നാലേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടൂ; ജിഷയുടെ അമ്മ
April 9, 2022 11:36 am
0
എറണാകുളം: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി നടന്‍ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്ത്.
മമ്മൂട്ടി ഇതുവരെ തന്നെ കാണാന്‍ വന്നിട്ടില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും രാജേശ്വരി പറയുന്നു. മമ്മൂട്ടിയുടെ സി.ബി.ഐ സിനിമ പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തുകൊണ്ടുവന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്ന് രാജേശ്വരി വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു. താന്‍ സീരിയലില്‍ കാശ് കൊടുത്ത് അഭിനയിച്ചു എന്ന് ചിലര്‍ പറയുന്നത് സത്യമല്ലെന്നും ഇവര്‍ പറയുന്നു.
‘മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാന്‍ കരുതി. ഇത്രയും ക്രൂരമായി എന്റെ മകളെ കൊലപ്പെടുത്തിയിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല. മോഹന്‍ലാല്‍ എന്റെ അടുത്ത് വന്നില്ല. ഇവര്‍ സംഭവങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇവര്‍ വരുമെന്ന് ഞാന്‍ കരുതി. ഇവര്‍ വന്നിരുന്നെങ്കില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകില്ലായിരുന്നു. എന്റെ മകളെ വക്കീലാക്കാന്‍ പഠിപ്പിച്ച ആളാണ് ഞാന്‍. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും, വിവരം കുറച്ച് കൂടുതലാണ്. എന്റെ അമ്മ എന്നെ നന്നായി നോക്കിയിരുന്നെങ്കില്‍, ഇന്ന് ഞാന്‍ ഈ നിലവാരത്തില്‍ എത്തില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാന്‍ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്. മകളുടെ കഥ സിനിമയാക്കണം. അതില്‍ എനിക്കൊരു ചാന്‍സും വേണം. ഞാന്‍ കൂടെ അഭിനയിച്ചാലാണ് ആള്‍ക്കാര്‍ക്ക് സിനിമ കൂടുതല്‍ ഇഷ്ടപ്പെടുക. സംവിധായകന് കോടികള്‍ കിട്ടും. സിനിമ പിടിക്കാന്‍ മമ്മൂട്ടി എന്റെ അടുത്ത് വരണം.
മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീല്‍ ആയത് കൊണ്ട്, ഞാന്‍ കാത്ത് കാത്ത് ഇരിക്കുവായിരുന്നു. വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാന്‍ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. അതുപോലെ, മോഹന്‍ലാലും നല്ലപോലെ അഭിനയിക്കും. മോഹന്‍ലാലെങ്കിലും സത്യം തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാന്‍ കരുതി. മമ്മൂട്ടിയും മോഹന്‍ലാലും എന്നെ കാണാന്‍ വരണം‘, രാജേശ്വരി തൊഴുകൈയോടെ പറയുന്നു.
അതേസമയം, സുമനസ്സുകള്‍ സഹായിച്ച ലക്ഷങ്ങള്‍ സീരിയല്‍ പിടിക്കാനായി രണ്ടുപേരുടെ കയ്യില്‍ കൊടുത്തെന്നും അവര്‍ പറ്റിച്ചെന്നും മുന്‍പ് രാജേശ്വരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ താന്‍ ജീവിക്കാനായി ഹോംനേഴ്‌സ് ജോലി ചെയ്യുകയാണെന്നും പലപ്പോഴും ഭക്ഷണത്തിനായി ഭിക്ഷയെടുക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി. സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കിട്ടിയ ധനസഹായം തീര്‍ന്നതോടെ ഹോംനേഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു.