Monday, 27th January 2025
January 27, 2025

ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദക്കെതിരായ ഹര്‍ജി ലോകായുക്ത തള്ളി

  • April 8, 2022 4:42 pm

  • 0

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന ഹര്‍ജി തള്ളി ലോകായുക്ത. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നായിരുന്നു പരാതിക്കാരിയുടെ വാദം.

എന്നാല്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതികള്‍ പരിഗണിക്കാനുള്ള സംവിധാനം ഇല്ലെന്നും അതിനാല്‍ പരാതി പരിഗണിക്കാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.

ഡോക്ടറേറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പരാതിക്കാരിക്ക് ക്രൈം ബ്രാഞ്ചിനേയോ വിജിലന്‍സിനേയോ സമീപിക്കാമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയില്‍ ഉന്നയിച്ച പരാതി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിതാ കമ്മീഷന്‍ അംഗമാകാനും ഹാജരാക്കിയത് തെറ്റായ വിദ്യാഭ്യാസ യോഗ്യതയാണെന്നും അതിനാല്‍ അവര്‍ക്ക് വനിത കമ്മീഷന്‍ അംഗമായി തുടരാനാകില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പരാതിക്കെതിരെ ഷാഹിദ കമാല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. 2011-ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാല്‍ സത്യവാങ്മൂലത്തില്‍ സമ്മതിച്ചിരുന്നു.