ഇനി ശുപാര്‍ശ നടക്കില്ല; പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു
April 8, 2022 11:32 am
0
തിരുവനന്തപുരം: പൊലീസുകാര്‍ക്ക് ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അംഗീകാരമായ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു.
മെഡല്‍ നേടണമെങ്കില്‍ അഞ്ച് വര്‍ഷം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. ഉന്നതരുടെ പഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെഡലുകള്‍ നേടുന്നത് പതിവായതോടെയാണ് നടപടി.
മെഡല്‍ ലഭിക്കാന്‍ കുറഞ്ഞത് 10 വര്‍ഷം സര്‍വീസുണ്ടായിരിക്കണം. ഇതില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തത് പൊലീസ് സ്റ്റേഷനിലായിരിക്കണം. സിപിഒ മുതല്‍ എസ്‌ഐ വരെയുള്ളവര്‍ക്കാണ് ഈ നിബന്ധന. ഈ വിഭാഗത്തിലുള്ളവരാണ് പഴ്‌സനല്‍ സ്റ്റാഫിലുള്ളതും. ഇതുവരെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മെഡലുണ്ടായിരുന്നില്ല. ഇനി ലോ ആന്‍ഡ് ഓര്‍ഡറില്‍ ജോലി ചെയ്യുന്ന രണ്ട്‌പേര്‍ക്ക് മെഡല്‍ നല്‍കും.
മെഡല്‍ ലഭിക്കാനുള്ള വനിതകളുടെ ചുരുങ്ങിയ സര്‍വീസ് കാലാവധി 10 വര്‍ഷത്തില്‍ നിന്ന് 7 വര്‍ഷമായി കുറച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനായി വകുപ്പുതല അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ നിലവിലുണ്ടാവരുതെന്നും 10 വര്‍ഷത്തിനിടെ അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നും ഉള്ള മാനദണ്ഡം നിലനിര്‍ത്തി. ഒരു വര്‍ഷം നല്‍കുന്ന മെഡലുകളുടെയെണ്ണം 285ല്‍ നിന്ന് 300 ആയി ഉയര്‍ത്തിയതോടെ കൂടുതല്‍ പേര്‍ക്കും അവസരമൊരുങ്ങും.