സെമിനാറില്‍ പങ്കെടുത്തതിന് ഒരാളെ പുറത്താക്കുന്ന ലോകചരിത്രത്തിലെ ആദ്യ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസ്- എം.വി ജയരാജന്‍
April 7, 2022 1:09 pm
0
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.
വിലക്കെല്ലാം ലംഘിച്ച് കെ.വി തോമസ് എത്തുന്നത് സന്തോഷകരമാണ്. ബി.ജെ.പി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നിലപാടിനെ തുറന്ന് കാണിക്കാനുള്ള സമീപനമാണ് ശരി. സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരാളെ പുറത്താക്കുന്ന ഒരു പാര്‍ട്ടിയായി ലോക ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഗതികെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയാണെന്നും എം.വി ജയരാജന്‍ വിമര്‍ശിച്ചു.
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന അതീവ ഗൗരവമായ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാറാണ് സി.പി.എം സംഘടിപ്പിക്കുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുകയും ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയും ഭരണഘടനയെ കാറ്റില്‍ പറത്തുകയും ചെയ്യുന്ന ബി.ജെ.പി നടപടികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് വരേണ്ടത്. അല്ലാതെ ബി.ജെ.പിയുടെ ഫാസിസ്റ്റ് നിലപാടിനെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തുകയല്ല വേണ്ടതെന്ന് ജയരാജന്‍ പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കില്ലെന്ന് കെ.വി തോമസ് പറഞ്ഞിരുന്നില്ല. അതിനാല്‍ എത്തുമെന്ന് തന്നെയായിരുന്നു വിശ്വാസം. കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് എം.വി ജയരാജന്‍ ആവര്‍ത്തിച്ചു.