Monday, 27th January 2025
January 27, 2025

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും ; നിലപാട് വ്യക്തമാക്കി കെ വി തോമസ്

  • April 7, 2022 11:52 am

  • 0

കൊച്ചി: കണ്ണൂരില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ നടക്കുന്ന സെമിനാറില്‍ പ​ങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ.കെ.വി. തോമസ്. മുമ്ബ് ചെന്നെെയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി പ​ങ്കെടുത്തിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം സെമിനാറില്‍ സഹകരിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്തിനാണ് വിലക്കുന്നതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഈ സെമിനാര്‍ ദേശീയ പ്രാധാന്യമുള്ള വിഷയമാണ് കെ.വി. തോമസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകില്ല. തന്നെ പുറത്താക്കാനുള്ള അധികാരം എ..സി.സിക്ക് മാത്രമാണ്. പാര്‍ട്ടിയിലേക്കല്ല, സെമിനാറിലേക്കാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ തീരുമാനം ആണ് ഇന്ന് അറിയിക്കുന്നത് എന്ന മുഖവുരയോടെയാണ് പ്രഫ. കെ.വി തോമസ് വാര്‍ത്താ സമ്മേളനം തുടങ്ങിയത്.

ഈ പാര്‍ട്ടിയില്‍ നൂലില്‍കെട്ടി വന്നയാളല്ല ഞാന്‍. വാര്‍ഡ് പ്രസിഡന്റായി, ഡി.സി.സി ഭാരവാഹിയായി വളര്‍ന്നയാളാണ്. പാര്‍ട്ടിക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. ഞാന്‍ ഏഴുപ്രാവശ്യം ജയിച്ചത് ജനങ്ങള്‍ തന്ന അംഗീകാരമല്ലേ? തോല്‍ക്കുന്നതാണോ അംഗീകാരം? 2019ല്‍ എനിക്ക് സീറ്റ് നിഷേധിച്ചതാണ് ഇതിനുമുമ്ബ് പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണന. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിഞ്ഞത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാറിനെ കുറിച്ച്‌ ആദ്യം അറിയിച്ചത്. എന്നെയും ശശി തരൂരിനെയും സ്റ്റാലിനെയും ക്ഷണിക്കുന്നുവെന്നാണ് യെച്ചൂരി പറഞ്ഞത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പരസ്പര ബന്ധം, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ തീരുമാനിച്ചിരുന്നത്. ഈ രണ്ട് വിഷയവും ഏറെ ദേശീയ പ്രാധാന്യമുള്ളതാണ്. സെമിനാറിന് ക്ഷണിച്ച കാര്യം പാര്‍ട്ടി പ്രസിഡന്റിനെയും കേരളത്തിന്റെ ചുമതലയുള്ള എ..സി.സി വക്താവിനെയും അറിയിച്ചിരുന്നു. പിന്നീട് തരൂര്‍ പിന്‍മാറിയതായി അറിഞ്ഞു. ദേശീയ തലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും സി.പി.എമ്മും കൈകോര്‍ത്ത് പിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യം വലിയ പ്രശ്നങ്ങള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം സുപ്രധാന ആവശ്യമാണ്.’ കെ.വി. തോമസ് പറഞ്ഞു.

സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച്‌ നടക്കുന്ന സെമിനാറിലേക്ക് ശശി തരൂര്‍, കെ.വി തോമസ് എന്നീ കോണ്‍ഗ്രസ് ​നേതാക്കളെ ക്ഷണിച്ചിരുന്നു. എന്നാല്‍, കോണ്‍​ഗ്രസ് നേതാക്കള്‍ സി.പി.എം പരിപാടിയില്‍ പ​ങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കുകയും എ..സി.സി വിലക്ക് അംഗീകരിക്കുകയും ചെയ്തു. ശേഷം ശശി തരൂര്‍ പരിപാടിയില്‍ പ​ങ്കെടുക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും കെ.വി തോമസ് നിലപാട് വ്യക്തമാക്കാത്തത് നിരവധി ഊഹാപോഹങ്ങള്‍ക്ക് വഴി​യൊരുക്കിയിരുന്നു. പ​ങ്കെടുത്താല്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സെമിനാറില്‍ കെ.വി.തോമസ് പ​ങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചതിനൊപ്പം തോമസിനും ക്ഷണം അയച്ചുകൊടുത്തു. കെ.വി.തോമസ് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

കെ.വി.തോമസിനെ വിലക്കുന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ നടപടി തിരുമണ്ടന്‍ തീരുമാനമാണെന്നാണ് ജയരാജന്‍ വിശേഷിപ്പിച്ചത്. ആര്‍.എസ്.എസിന്റെ എ ടീമായി പ്രവര്‍ത്തിക്കുന്നവരാണ് തോമസിനെ വിലക്കുന്നത്. പാര്‍ട്ടി സെമിനാര്‍ വിജയിപ്പിച്ചതില്‍ സുധാകരനോട് നന്ദിയുണ്ട്. സെമിനാറില്‍ പ​ങ്കെടുത്തത് കൊണ്ട് കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.