യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാര്‍; ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കും; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
February 28, 2022 1:29 pm
0
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോദം വിളിച്ച് പ്രധാനമന്ത്രി.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി കേന്ദ്രമന്ത്രിമാരെ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേയ്ക്കയക്കും.
യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ എത്തിച്ച ശേഷം അവിടെ നിന്ന് നാട്ടിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ ഏകോപിപ്പിക്കും. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, നിയമമന്ത്രി കിരണ്‍ റിജിജു, വ്യോമയാനമന്ത്രി ജ്യോതിരാദിത് സിന്ധ്യ, ഗതാഗത, വ്യോമയാനവകുപ്പ് സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ സിങ് എന്നിവര്‍ക്കാണ് ചുമതല.
യുക്രൈനില്‍ നിന്നുള്ള ഇന്ത്യയുടെ രക്ഷാദൗത്യത്തിന് വേഗത പോരെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മന്ത്രിമാരെ നേരിട്ടയക്കാന്‍ കേന്ദ്രം തീരുമാനിച്ചിച്ചത്. റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്കിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മന്ത്രിമാര്‍ പോകുന്നത്. പ്രധാനമന്ത്രി വിളിച്ച യോഗത്തിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതിര്‍ത്തികടക്കാന്‍ കഴിയുന്നില്ലെന്നും എംബസി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്നും പരാതികളുണ്ടായിരുന്നു. കിലോമീറ്ററുകളോളം കാല്‍നടയായി എത്തുന്നവരെ യുക്രൈന്‍ പട്ടാളം തടഞ്ഞ് നിര്‍ത്തുന്നു എന്ന പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിമാരെ അയക്കുന്നത്.