Thursday, 23rd January 2025
January 23, 2025

യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍; നാളെ റൊമേനിയയിലേക്ക് പറക്കും

  • February 25, 2022 12:33 pm

  • 0

ന്യൂഡല്‍ഹി: റഷ്യ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ യുക്രെയിനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടി കേന്ദ്രം.

ഇന്ത്യക്കാരെ യുക്രെയിനിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ,റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒഴിപ്പിക്കുന്നതിനായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ അയക്കാനാണ് ശ്രമം. വിമാനങ്ങള്‍ റൊമേനിയയിലേക്ക് അയക്കും.

മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രെയിനില്‍ കുടുങ്ങിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ ച‌ര്‍ച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ സുരക്ഷാകാര്യ മന്ത്രിതല യോഗം ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. യുക്രെയിന്‍ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തി. പോളണ്ട്, ഹംഗറി, സ്ളൊവാക്യ,റൊമേനിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടു. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ യുക്രെയിനിന്റെ അയല്‍രാജ്യങ്ങളിലെത്തി.

അയല്‍രാജ്യങ്ങളിലേക്ക് കടക്കാനുള്ള സുരക്ഷിതമായ വഴികള്‍ കണ്ടെത്തിയതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌വര്‍ദ്ധന്‍ ശൃഗ്ള അറിയിച്ചു. യുക്രെയിനിലെ വ്യോമപാത തുറന്നാലുടന്‍ സൈനിക വിമാനങ്ങളെ അയക്കാനാണ് തീരുമാനം. ആക്രമണ സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നതില്‍ എംബസിയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു.