ദാവൂദ് ഇബ്രാഹിമുമായുള്ള ഹവാല ഇടപാട് കേസ്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു
February 23, 2022 4:25 pm
0
മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) അറസ്റ്റ് ചെയ്തു.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിലാണ് അറസ്റ്റ്.
1993ലെ സ്ഫോടനപരമ്ബര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടടക്കം നവാബ് മാലിക്കിനെ രാവിലെ എട്ട് മുതല്‍ ഇ.ഡി ചോദ്യം ചെയ്ത് വരികയായിരുന്നു. സമന്‍സിനെ തുടര്‍ന്ന് രാവിലെ 7. 45 ഓടെ മാലിക് ഇ.ഡി കാര്യാലയത്തില്‍ ഹാജരാവുകയായിരുന്നു. ദാവൂദ് ഇബ്രാഹിം, സഹോദരന്‍ അനീസ്, ഇഖ്ബാല്‍, കൂട്ടാളി ഛോട്ടാ ഷക്കീല്‍ തുടങ്ങിയവര്‍ക്കെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നവാബ് മാലിക്കിന് സമന്‍സ് നല്‍കിയിരുന്നത്. കഴിഞ്ഞയാഴ്ച ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
ദാവൂദിന്റെ കൂട്ടാളിയായ സര്‍ദാര്‍ ഷവാലി ഖാന്‍, ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ അംഗരക്ഷകന്‍ സലീം പട്ടേല്‍ എന്നിവരുമായി നവാബ് മാലിക്ക് ഇടപാട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി ചോദ്യം ചെയ്തത്. ഇരുവരുമായി നടത്തിയ ഇടപാടിലൂടെ നവാബ് മാലിക്ക് കോടികള്‍ വിലമതിക്കുന്ന വസ്തും 30 ലക്ഷം രൂപക്ക് സ്വന്തമാക്കിയെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചിരുന്നു.
നവാബ് മാലിക്കും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളും നടത്തുന്ന ബിസിനസ് ഇടപാടുകളും ഇ.ഡി നിരീക്ഷിച്ചുവരികയാണ്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയിലെ ദുരൂഹതയെ നിരന്തരം ചോദ്യംചെയ്ത മാലിക് കേന്ദ്രസര്‍ക്കാറിനും ബി.ജെ.പി നേതാക്കന്മാര്‍ക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയത് മാലിക്കാണ്.
എന്‍.സി.ബി മുംബൈ മേധാവിയായിരുന്ന സമീര്‍ വാങ്കഡെയെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് വിരോധത്തിലുമാക്കി. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിലവിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെതിരെ അധോലോക ബന്ധവും മാലിക് ആരോപിച്ചിരുന്നു. മാലിക് സ്ഫോടന കേസ് പ്രതിയുമായി ഭൂമി ഇടപാട് നടത്തിയതിന്റെ രേഖകളുമായാണ് ഫഡ്നാവിസ് പ്രതികരിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ടാണ് മാലികിനെ ഇ.ഡി ചോദ്യം ചെയ്തത്.