Thursday, 23rd January 2025
January 23, 2025

പരീക്ഷ ഓഫ്‌ലൈന്‍ തന്നെ; സിബിഎസ്‌ഇ, സി ഐ എസ് സി ഇയുടെ ആവശ്യം തള്ളി സുപ്രീം കോടതി

  • February 23, 2022 4:17 pm

  • 0

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി ബി എസ് ഇ ), കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന്‍സ് (സി ഐ എസ് സി ഇ) എന്നിവയുടെ രണ്ടാം ടേം പരീക്ഷ, മറ്റ് ബോര്‍ഡ് പരീക്ഷകള്‍ എന്നിവ ഓഫ്‌ലൈന്‍ രീതിയില്‍ നടത്തുന്നത് റദ്ദാക്കാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് പത്താം ക്ളാസിന്റെയും പന്ത്രണ്ടാം ക്ളാസിന്റെയും ഓഫ്‌ലൈന്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളിയത്.

ഇത് ഒരു മാനദണ്ഡമാക്കാന്‍ സാധിക്കില്ല. ഇത്തരം ഹര്‍ജികള്‍ പരിഗണിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. അധികൃതര്‍ ഇതിനോടകം തന്നെ തീയതികളും മറ്റ് ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി വരികയാണ്. അവ പൂര്‍ത്തിയാകുമ്ബോള്‍ എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാല്‍ പരാതിക്കാര്‍ക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും കോടതി വിലയിരുത്തി.

പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഓഫ്‌ലൈന്‍ രീതിയില്‍ നടത്താന്‍ സി ബി എസ് ഇയ്ക്കും മറ്റ് വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. പതിനഞ്ചിലധികം സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോര്‍ഡ് പരീക്ഷകള്‍ക്ക് ബദല്‍ മൂല്യനിര്‍ണയം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കുമെന്ന് സി ബി എസ് ഇ അറിയിച്ചിരുന്നു. സി ഐ എസ് സി ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളുടെ പരീക്ഷ ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.