Friday, 24th January 2025
January 24, 2025

നഗരം ചുറ്റാന്‍ ഇനി 10 രൂപ മാത്രം മതി…

  • November 15, 2019 6:00 pm

  • 0

10 രൂപയ്ക്ക് നഗരം ചുറ്റിക്കാണാന്‍ അവസരം ഒരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണു സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഡിപ്പോയില്‍ സര്‍വീസിന് ഒരുങ്ങുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 10 രൂപ കൊണ്ട് കുറഞ്ഞത് 15 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്ന തരത്തിലാകും ബസ്.

നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, സിനിമാ തിയറ്റര്‍ അങ്ങനെ എവിടെ പോകാനും ഈ ഒറ്റനാണയം ബസില്‍ കയറാം. ഹൈറേഞ്ച് സര്‍വീസ് നടത്തുന്ന ചെറിയ ബസുകളാണ് ഇതിന് ഉപയോഗിക്കുക. ഇത്തരത്തില്‍ 3 ബസുകള്‍ ഡിപ്പോയിലുണ്ട്. ബസിനു പ്രത്യേക നിറം നല്‍കും. വിദ്യാര്‍ഥികള്‍ക്കു കണ്‍സഷന്‍ നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നു ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ടി. ഉബൈദ് അറിയിച്ചു.

ഒലവക്കോട് റെയില്‍വേ ജംക്ഷനില്‍ നിന്നു നഗരത്തിലെ പ്രധാന ഇടങ്ങള്‍ വഴി പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അവസാനിക്കുന്ന രീതിയിലാണ് ആദ്യ സര്‍വീസ് ഒരുക്കിയിട്ടുള്ളത്. ബസിനു റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കേണ്ടതുള്ളതിനാല്‍ റെയില്‍വേയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതര്‍. പ്രായമായവര്‍, രോഗികള്‍, നടക്കാന്‍ ബുദ്ധിമുട്ടള്ളവര്‍ തുടങ്ങി അവശത അനുഭവിക്കുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് ഈ സര്‍വീസ് ഗുണം ചെയ്യും. വിജയകരമായാല്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കും.