ലോകമെമ്പാടുമുള്ള കാലാവസ്ഥാ ക്രമത്തെ തകിടം മറിച്ചുകൊണ്ട് ‘എൽ നിനോ’ പ്രതിഭാസം അതിതീവ്ര ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ലോക കാലാവസ്ഥാ സംഘടനയുടെ (WMO) ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിൽ അസാധാരണമായ കുതിച്ചുചാട്ടം രേഖപ്പെടുത്തിയ സാഹചര്യത്തിൽ, 2027 ഫെബ്രുവരി വരെ ഈ പ്രതിഭാസം അതിശക്തമായി തുടരാൻ 100 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് ഡബ്ല്യു.എം.ഒ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്കൻ ദേശീയ സമുദ്ര-അന്തരീക്ഷ ഭരണകൂടമായ എൻ.ഒ.എ.എ (NOAA) അടുത്തിടെ പുറത്തുവിട്ട വിലയിരുത്തലുകൾ പ്രകാരം 2027 ജനുവരി-മാർച്ച് കാലയളവ് വരെ അതിശക്തമായ എൽ നിനോ തുടരാൻ 79 ശതമാനത്തിലധികം സാധ്യതയുണ്ട്. സമുദ്രങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടിലൂടെയാണ് കടന്നുപോകുന്നതെന്നും, എൽ നിനോയുടെ ശക്തി അളക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിലവിൽ വന്ന ശേഷമുള്ള ഏറ്റവും തീവ്രമായ പ്രതിഭാസങ്ങളിൽ ഒന്നാണിതെന്നും ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി സെലസ്റ്റെ സൗലോ നേരത്തെ വ്യക്തമാക്കിയിരുന്നു.
പസഫിക് സമുദ്രത്തിലെ നിനോ മേഖലയിലെ സമുദ്രോപരിതല താപനില സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നതോടെയാണ് പ്രതിഭാസം ‘സൂപ്പർ എൽ നിനോ’ തലത്തിലേക്ക് കടന്നത്. വരുന്ന ഡിസംബറോടെ സമുദ്രോപരിതല താപനില ശരാശരിയേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഡബ്ല്യു.എം.ഒയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2015-16 കാലഘട്ടത്തിൽ രേഖപ്പെടുത്തിയ 2.6 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡിനെയാണ് ഇത് മറികടക്കുന്നത്. മനുഷ്യനിർമിത ഹരിതഗൃഹ വാതകങ്ങൾ മൂലമുണ്ടാകുന്ന ആഗോളതാപനവും ശക്തമായ എൽ നിനോയും ഒത്തുചേരുന്നത് 2027-നെ ആധുനിക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാക്കി മാറ്റുമെന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗങ്ങൾക്കും വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. നവംബർ തുടക്കം മുതൽ തന്നെ ആഗോള താപനിലയിൽ പ്രകടമായ വർധന കണ്ടുതുടങ്ങിയിട്ടുണ്ട്.
ഈ അതിതീവ്ര കാലാവസ്ഥാ മാറ്റം ഇന്ത്യയെയും കേരളത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 2027 ഫെബ്രുവരിയോടെ തന്നെ ഇന്ത്യയിൽ കടുത്ത വേനൽച്ചൂടും ഉഷ്ണതരംഗവും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) നിരീക്ഷണങ്ങളും വ്യക്തമാക്കുന്നു. കേരളത്തിൽ കാലവർഷത്തിൽ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ പകൽ താപനിലയിലും അസാധാരണമായ വർധന അനുഭവപ്പെടുന്നുണ്ട്. വരും മാസങ്ങളിൽ മഴ കുറയാനും വരൾച്ചയ്ക്കും സാധ്യതയുള്ളതിനാൽ, കാർഷിക മേഖലയിലും കുടിവെള്ള വിതരണത്തിലും വൈദ്യുതി ഉൽപ്പാദനത്തിലും അടിയന്തര മുൻകരുതലുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്ന് ഡബ്ല്യു.എം.ഒയും കാലാവസ്ഥാ വിദഗ്ധരും രാജ്യങ്ങളോട് നിർദ്ദേശിച്ചു.