Blog Post

Karanavars > News > Keralam > സഭാതർക്ക പരിഹാരത്തിന് ഒരുമിച്ചുള്ള ചർച്ച വേണം: അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ

സഭാതർക്ക പരിഹാരത്തിന് ഒരുമിച്ചുള്ള ചർച്ച വേണം: അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ

കേരളത്തിലെ മലങ്കര സഭാതർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങളും ഒരുമിച്ചിരുന്ന് ചർച്ച നടത്തണമെന്ന് അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ആഹ്വാനം ചെയ്തു. കേരള സന്ദർശനത്തിനിടെ കോട്ടയം മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ സന്ദർശിച്ചതിന് പിന്നാലെയും മാധ്യമങ്ങളോട് സംസാരിക്കവെയുമാണ് അദ്ദേഹം സമാധാന ചർച്ചകളുടെ പ്രാധാന്യം ആവർത്തിച്ചത്. മുൻപ് കേരളം സന്ദർശിച്ച വേളയിൽ സഭാതർക്ക പരിഹാര ചർച്ചകൾക്കായി യാക്കോബായ സഭ ഒരു ‘എപ്പിസ്കോപ്പൽ കമ്മിറ്റി’ രൂപവത്കരിച്ചിരുന്നതായും, മറുഭാഗത്തുനിന്നും സമാനമായ സമിതി രൂപവത്കരിച്ച് ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാവ വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ സമിതി മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയിരുന്നതായും ഇനിയും സമാധാനപരമായ ചർച്ചകൾക്ക് സഭ പൂർണ്ണ സജ്ജമാണെന്നും പാത്രിയർക്കീസ് ബാവ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭാതർക്കത്തിൽ ഇടപെടാമെന്ന് നേരത്തെ അറിയിച്ചിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. എല്ലാവർക്കും ഒരുപോലെ ഗുണകരമാകുന്ന വിധത്തിലുള്ള ധാരണയിൽ എത്തുകയാണ് വേണ്ടതെന്നും, സമാധാനപരമായി മുന്നോട്ടുപോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മണർകാട് ആഗോള മറിയം തീർത്ഥാടന കേന്ദ്രത്തിൽ എത്തിയ പാത്രിയർക്കീസ് ബാവയ്ക്ക് വിശ്വാസികൾ വൻ സ്വീകരണമാണ് നൽകിയത്.

അതേസമയം, പാത്രിയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിനെതിരെ ഓർത്തഡോക്സ് സഭ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തർക്കം നിലനിൽക്കുന്ന ദേവാലയത്തിൽ ബാവ പ്രവേശിച്ചതിൽ സംസ്ഥാന സർക്കാരിനെതിരെയും ഓർത്തഡോക്സ് സഭ വിമർശനമുന്നയിച്ചു. ചർച്ചകൾക്കായി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും, സമാധാന ചർച്ചകൾക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടിയിരുന്നതെന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പൊലീത്ത പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *