Blog Post

Karanavars > News > International > ക്രിക്കറ്റ് ആവേശം ഇന്ത്യയിലേക്ക്; 2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകുമെന്ന് ഐസിസി

ക്രിക്കറ്റ് ആവേശം ഇന്ത്യയിലേക്ക്; 2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകുമെന്ന് ഐസിസി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) 2028 മുതൽ 2035 വരെയുള്ള പ്രധാന പുരുഷ ടൂർണമെന്റുകളുടെ കലണ്ടർ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും ആഘോഷിക്കാനുള്ള വകയായി. ഇന്തോനേഷ്യയിലെ ബാലിയിൽ ഇന്നലെ  ചേർന്ന ഐ.സി.സി ബോർഡ് യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. ഇതനുസരിച്ച് 2029-ലെ ഐ.സി.സി പുരുഷ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ ഒറ്റയ്ക്ക് വേദിയാകും. കൂടാതെ, 2031-ലെ ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് അയൽരാജ്യമായ ബംഗ്ലാദേശിനൊപ്പം ഇന്ത്യ സംയുക്ത ആതിഥേയത്വം വഹിക്കാനും ഐ.സി.സി ഔദ്യോഗികമായി അംഗീകാരം നൽകി.

പുതിയ കലണ്ടർ പ്രകാരം 2029 ഒക്ടോബർ 9 മുതൽ 28 വരെയാണ് ഇന്ത്യയിൽ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ അരങ്ങേറുക. 2006-ന് ശേഷം ഇതാദ്യമായാണ് ചാമ്പ്യൻസ് ട്രോഫി വീണ്ടും ഇന്ത്യൻ മണ്ണിലേക്ക് എത്തുന്നത്. തുടർന്ന് 2031 ഒക്ടോബർ 9 മുതൽ നവംബർ 23 വരെയാണ് ഇന്ത്യയും ബംഗ്ലാദേശും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് നടക്കുക. 2023-ലെ ഏകദിന ലോകകപ്പിന് ശേഷം മറ്റൊരു വലിയ ലോകകപ്പ് പോരാട്ടത്തിന് കൂടി വേദിയാകാൻ കഴിയുന്നത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ നേട്ടമാണ്.

അംഗരാജ്യങ്ങൾക്കും താരങ്ങൾക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള വ്യക്തതയും കൃത്യമായ ആസൂത്രണവും സാധ്യമാക്കാനാണ് 2035 വരെയുള്ള ടൂർണമെന്റ് തീയതികൾ ഇപ്പോൾ തന്നെ പുറത്തുവിട്ടതെന്ന് ഐ.സി.സി സി.ഇ.ഒ സഞ്ജോഗ് ഗുപ്ത വ്യക്തമാക്കി. ഇതിന് പുറമെ 2028-ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുമെന്നും 2029, 2031 വർഷങ്ങളിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾക്ക് ഇംഗ്ലണ്ട് വേദിയാകുമെന്നും ഐ.സി.സി അറിയിച്ചു. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ക്രിക്കറ്റ് യോഗ്യതാ മത്സരങ്ങളുടെ വേദികളും സമയക്രമവും ബോർഡ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *