മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നി തെളിയിച്ച ശേഷം ഇരുമുടിക്കെട്ടുമായി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ സോപാനത്തേക്ക് ആനയിക്കും. വൈകീട്ട് 6.30-ഓടെ നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും തന്ത്രി കലശാഭിഷേകം നടത്തി മൂലമന്ത്രം ഓതിക്കൊടുത്ത് അവരോധിക്കും. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ നട തുറക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീർഥാടനത്തിന് ഔദ്യോഗിക തുടക്കമാകും.
തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശനത്തിനുമായി കർശന ക്രമീകരണങ്ങളാണ് പോലീസും ദേവസ്വം ബോർഡും ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ വഴി പ്രതിദിനം 80,000 ഭക്തർക്കാണ് ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇന്ന് ഏകദേശം 30,000 പേർക്കാണ് ദർശനത്തിന് അവസരമുള്ളത്. നിലയ്ക്കലിൽ 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാറിലും 2,000 പേർക്ക് വീതവും സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തർക്കായി 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി തയ്യാറാക്കിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 3,205 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. തപാൽ വകുപ്പിന്റെ കൗണ്ടർ വഴി അരവണയും അപ്പവും ഭക്തരുടെ വിലാസത്തിൽ എത്തിക്കുന്നതിനും പ്രീപെയ്ഡ് ഡോളി സർവീസുകൾക്കുമായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഡിസംബർ 27-ന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജയോടെ നട അടയ്ക്കും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വൈകീട്ട് അഞ്ചിന് വീണ്ടും നട തുറക്കുകയും ജനുവരി 14-ന് മകരവിളക്ക് ദർശനത്തിന് ശേഷം ജനുവരി 20-ന് തീർഥാടനത്തിന് സമാപനം കുറിക്കുകയും ചെയ്യും.