Blog Post

Karanavars > News > Election > വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ ആശങ്ക വേണ്ട; ഫോം 6 നൽകിയാൽ പ്രോസിക്യൂഷൻ നടപടി ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ ആശങ്ക വേണ്ട; ഫോം 6 നൽകിയാൽ പ്രോസിക്യൂഷൻ നടപടി ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് വലിയ ആശ്വാസമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക ഉറപ്പ്. മുൻപ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നവർ, നിലവിലെ കരട് പട്ടികയിൽ നിന്ന് ഒഴിവായതിനെത്തുടർന്ന് വീണ്ടും പേര് ചേർക്കുന്നതിനായി ‘ഫോം 6’ സമർപ്പിച്ചാൽ അവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. രാകേഷ് കുമാർ സിംഗ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഇന്നലെ കമ്മീഷൻ അനുബന്ധ സത്യവാങ്മൂലം ഫയൽ ചെയ്തത്.

പുതിയ വോട്ടർമാർക്കായുള്ള ഫോം 6 ഉപയോഗിച്ച് മുൻ വോട്ടർമാർ അപേക്ഷ നൽകിയാൽ, തെറ്റായ സത്യപ്രസ്താവന നൽകിയെന്ന പേരിൽ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കുമോ എന്ന ആശങ്ക പലരിലും ഉയർന്നിരുന്നു. ഈ തെറ്റിദ്ധാരണ പൂർണമായും നീക്കുന്നതിനാണ് സുപ്രീം കോടതിയിൽ വ്യക്തത വരുത്തിയതെന്ന് കമ്മീഷൻ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം എല്ലാ പ്രാദേശിക ഭാഷകളിലും വ്യാപകമായി പ്രചരിപ്പിച്ച് വോട്ടർമാർക്കിടയിലെ ആശയക്കുഴപ്പം പരിഹരിക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് (സി.ഇ.ഒ) കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയെ ബോധിപ്പിച്ചു.

ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ കരട് പട്ടികയിൽ നിന്ന് എ.എസ്.ഡി.ഡി (ഹാജരാകാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ട വോട്ടുള്ളവർ) വിഭാഗത്തിൽപ്പെട്ട് ഒഴിവായവർക്ക് അന്തിമ പട്ടികയിൽ ഇടംപിടിക്കാൻ ഒരവസരം കൂടി നൽകാൻ നവംബർ ആറിന് നിർദേശം നൽകിയിരുന്നു. താമസം മാറാത്തവർ ഫോം 6-നൊപ്പം നേരത്തെ അപേക്ഷ നൽകാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുന്ന അനുബന്ധം-ബി പ്രസ്താവന കൂടി നൽകണം. ഒഴിവാക്കപ്പെട്ടവരുടെ ബൂത്ത് തിരിച്ചുള്ള പട്ടികയും പേര് നീക്കം ചെയ്യാനുണ്ടായ കാരണവും പോളിങ് സ്റ്റേഷനുകളിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കുന്നുണ്ട്. അർഹരായ ഒരു വോട്ടറും പട്ടികയിൽ നിന്ന് പുറത്താകരുതെന്നും ഇരട്ട വോട്ട് ഉണ്ടാകരുതെന്നുമാണ് ലക്ഷ്യമെന്നും കമ്മീഷൻ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *