Blog Post

Karanavars > News > Keralam > വകുപ്പുകൾ നിലനിൽക്കില്ല: വീണാ ജോർജിനെതിരായ കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്

വകുപ്പുകൾ നിലനിൽക്കില്ല: വീണാ ജോർജിനെതിരായ കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്

മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കെ.എസ്.യു പ്രവർത്തകർക്ക് എസ്‌ഐടി കേസിൽ പൂർണ്ണമായ ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്.

ഇന്ന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ, മുൻ കുറ്റപത്രത്തിൽ പരാമർശിച്ചിരുന്ന കലാപ ശ്രമം, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കടക്കൽ തുടങ്ങി ഒരു കുറ്റവും കെ.എസ്.യു പ്രവർത്തകർ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും, സമാധാനപരമായ കരിങ്കൊടി പ്രതിഷേധം മാത്രം നടത്തിയത് കുറ്റകൃത്യമായി കാണാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എസ്‌ഐടി തലവൻ യു. പ്രേമൻ ആണ് കോടതിയിൽ ഈ റിപ്പോർട്ട് നൽകിയത്.

നേരത്തെ മുൻമന്ത്രി വീണാ ജോർജും അവരുടെ ഗൺമാൻ അഭിലാഷും വിഷയം പെരുപ്പിച്ചു കാണിച്ചതാണെന്ന് എസ്‌ഐടി സമഗ്ര അന്വേഷണത്തിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിൽ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തേക്ക് എത്താൻ പോലുമായിരുന്നില്ല. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഉന്തും തള്ളിനുമിടയിൽപ്പെട്ടതിനാലാണ് മന്ത്രിക്ക് കഴുത്തുവേദന അനുഭവപ്പെട്ടത്. മാരകായുധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും തള്ളിക്കളയുന്നു.

സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന എസ്‌ഐ ദീപ്തിയും ഗൺമാൻ അഭിലാഷും വ്യാജ മൊഴിയാണ് ആദ്യം നൽകിയിരുന്നതെന്നും, മന്ത്രിയുടെ നിർദേശപ്രകാരമാണ് തെറ്റായ വിവരങ്ങൾ പറഞ്ഞതെന്നും അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ലെന്ന് വ്യക്തമാക്കിയ സംഘം, കെ.എസ്.യു പ്രവർത്തകർക്കെതിരെ റിമാൻഡ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നയിച്ച കുറ്റപത്രത്തിലെ വിടവുകൾ തുറന്നുകാട്ടി. എസ്‌ഐടിയുടെ ഈ പുതിയ വെളിപ്പെടുത്തലോടെ കേസിൽ രാഷ്ട്രീയപരമായ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *