Blog Post

Karanavars > News > Goverment > കാൻസർ ചികിത്സയ്ക്കിടെ കൈയിൽ അണുബാധ; ആർ.സി.സിയിൽ ഗുരുതര പിഴവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് പുറത്ത്

കാൻസർ ചികിത്സയ്ക്കിടെ കൈയിൽ അണുബാധ; ആർ.സി.സിയിൽ ഗുരുതര പിഴവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് പുറത്ത്

റീജ്യണൽ കാൻസർ സെന്ററിൽ (ആർ.സി.സി) കാൻസർ ചികിത്സയിലിരുന്ന ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് അണുബാധയുണ്ടായ സംഭവം വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. കൊല്ലം മങ്ങാട് സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകൻ വിധാനാണ് ചികിത്സാപ്പിഴവിനെ തുടർന്ന് കടുത്ത അണുബാധ ബാധിച്ച് അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുടുംബം നൽകിയ പരാതികളെ ശരിവെക്കുന്ന പത്തോളജി ലാബ് റിപ്പോർട്ട് പുറത്തുവന്നതോടെ ആർ.സി.സി അധികൃതർ പ്രതിക്കൂട്ടിലായി.

രക്താർബുദത്തിന് (ലുക്കീമിയ) കീമോതെറാപ്പി നൽകുന്നതിന്റെ ഭാഗമായി ഒക്ടോബർ 19-നാണ് കുഞ്ഞിന്റെ ഇടതുകൈയിൽ ക്യാനുല ഘടിപ്പിച്ചത്. തുടർന്ന് അതേ കൈയിൽ തന്നെ ബി.പി മെഷീൻ വെച്ച് രക്തസമ്മർദം പരിശോധിക്കുകയും ചെയ്തു. മർദം കൊടുത്തതോടെ രക്തക്കുഴലുകൾക്ക് ക്ഷതമേൽക്കുകയും കുഞ്ഞിന്റെ കൈ നീലനിറമായി നീരുവെക്കാൻ തുടങ്ങുകയും ചെയ്തു. വിവരം മാതാപിതാക്കൾ ഉടനടി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒൻപത് ദിവസത്തോളം യാതൊരുവിധ അടിയന്തര ചികിത്സയും ലഭ്യമാക്കിയില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

തൊട്ടടുത്ത ദിവസങ്ങളിൽ കൈയിലെ അണുബാധ രൂക്ഷമാകുകയും നീര് ശരീരമാസകലം പടരുകയും ചെയ്തു. ഒടുവിൽ കുടുംബം ആരോഗ്യ വകുപ്പ് മന്ത്രിക്കും ആർ.സി.സി ഡയറക്ടർക്കും രേഖാമൂലം പരാതി നൽകിയതോടെയാണ് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായത്. തുടർന്ന് രൂപീകരിച്ച അടിയന്തര മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം കുഞ്ഞിന്റെ കൈയിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

കുടുംബത്തിന്റെ ആരോപണങ്ങൾ പൂർണ്ണമായും ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന പത്തോളജി ലാബ് റിപ്പോർട്ട്. കുഞ്ഞിന്റെ ആരോഗ്യനില വഷളായത് ലുക്കീമിയ രോഗാവസ്ഥ കൊണ്ടല്ലെന്നും, കൈയിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് കോശങ്ങളെ ബാധിച്ചുണ്ടായ അണുബാധ കാരണമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ കൈയിലെ അണുബാധയ്ക്കും കാൻസർ രോഗത്തിനും തമ്മിൽ ബന്ധമില്ലെന്നും റിപ്പോർട്ട് അടിവരയിടുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആർ.സി.സി അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *