ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മുരശ്’ (Murasu) ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ ഭീതിയുടെ നിഴൽ പടരുന്നു. ഇന്ന് രാത്രിയോടെയോ നാളെ പുലർച്ചെയോടെയോ കാറ്റ് തീരതൊടുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. മൃത്യുജ്ഞയ് മൊഹാപത്ര മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നതിനാൽ ആന്ധ്രാപ്രദേശിലെ പല തീരദേശ ജില്ലകളിലും മുൻകരുതലിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നെല്ലൂരിനും നരസാപുരത്തിനും ഇടയിലുള്ള തീരപ്രദേശങ്ങളിലാണ് മുരശ് പ്രധാനമായും ആഞ്ഞടിക്കുക. ബാപ്പട്ല, കൃഷ്ണ, പ്രകാശം, ഗുണ്ടൂർ എന്നീ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തീരദേശങ്ങളിൽ ഒന്നുമുതൽ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാലകളും വൻ കടലാക്രമണവും ഉണ്ടായേക്കാം. മുൻകരുതലിന്റെ ഭാഗമായി ആന്ധ്രയിലെയും തമിഴ്നാട്ടിലെയും നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ ദുരന്തനിവാരണ സേനയും നിർദ്ദേശിച്ചു.
ഇന്ത്യ നിർദേശിച്ച ‘മുരശ്’ എന്ന പേരിന്റെ അർത്ഥം പെരുമ്പറ അഥവാ യുദ്ധവാദ്യം എന്നാണ്. ആന്ധ്രപ്രദേശിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ സേന പ്രദേശങ്ങളിൽ നിലയുറപ്പിച്ചു കഴിഞ്ഞു.
അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും അതിന്റെ സ്വാധീനം മൂലം സംസ്ഥാനത്തും വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടും. ഇന്ന് മലയോര മേഖലകളിലും വടക്കൻ ജില്ലകളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റ് ഏതു ദിശയിലേക്ക് നീങ്ങുമെന്നതിൽ അധികൃതർ അതീവ ശ്രദ്ധ ചെലുത്തിവരികയാണ്.