പ്രധാന തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ (INDIA Bloc) നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപടികളിലെ വീഴ്ചകളും ആരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭം വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ അതീവ ജാഗ്രതയും ശക്തമായ സുരക്ഷാക്രമീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തലസ്ഥാനത്ത് കേന്ദ്ര സേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും (RAF) കൂടുതല്‍ വിന്യസിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് വലിയ സംഘര്‍ഷത്തിനാണ് വഴിവെച്ചത്. നിതി ആയോഗിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പ്രതിപക്ഷ നേതാക്കളെ തടയുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.
പോലീസ് നടപടികളെയും വിലക്കുകളെയും വകവെക്കാതെ പ്രക്ഷോഭം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലും മാർച്ചുകളും പ്രതിഷേധങ്ങളും നടന്നു വരുന്നുണ്ട്. ഗ്യാനേഷ് കുമാർ രാജിവെക്കും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷ പാര്‍ടികളുടെ പ്രഖ്യാപനം. രാജ്യതലസ്ഥാനത്ത് സുരക്ഷാ വിഭാഗങ്ങള്‍ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ്. നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ വലിയ തോതിലുള്ള മെഗാ റാലിയും ഇന്ത്യാ മുന്നണി ആസൂത്രണം ചെയ്തിട്ടുണ്ട്.