വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിലെ (SIR) ക്രമക്കേടുകൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ബെംഗളൂരുവിൽ കോക്രോച്ച് ജനതാ പാർടിയുടെ (CJP) നേതൃത്വത്തിൽ ഇന്ന് വൻ പ്രതിഷേധം നടക്കുകയാണ്. ബെംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ജനകീയ ട്രിബ്യൂണലിനും’ ‘ചപ്പൽ പ്രൊട്ടസ്റ്റിനും’ (ചെരിപ്പ് പ്രതിഷേധം) ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയും നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജും സമരത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി പേരുകൾ ഒഴിവാക്കപ്പെട്ട കർണാടകയിലെ ജനങ്ങൾക്ക് പിന്തുണയുമായാണ് ഇരുവരും ഇന്ന് സമരവേദിയിലെത്തിയത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള ഈ പോരാട്ടത്തിൽ ജനങ്ങൾ വൻതോതിൽ പങ്കെടുക്കണമെന്ന് പ്രകാശ് രാജും ധ്രുവ് റാഠിയും ആഹ്വാനം ചെയ്തിരുന്നു. ജർമനിയിൽ നിന്നെത്തിയാണ് ധ്രുവ് റാഠി ഈ ജനകീയ പ്രക്ഷോഭത്തിൽ പങ്കാളിയാകുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്.ഐ.ആർ നടപടികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക, 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുക തുടങ്ങിയ ശക്തമായ ആവശ്യങ്ങളാണ് സി.ജെ.പി മുന്നോട്ടുവെക്കുന്നത്. അതിക്രമങ്ങൾക്കിരയായ സ്ത്രീകൾക്കും സാധാരണക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ന് ഫ്രീഡം പാർക്കിൽ വ്യത്യസ്തമായ ഈ പ്രതിഷേധ പരിപാടികൾ അരങ്ങേറുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജന സംഘടനകളും സന്നദ്ധ പ്രവർത്തകരും വിദ്യാർത്ഥികളും സമരത്തിൽ അണിനിരന്നിട്ടുണ്ട്.