പൊതുപരിപാടികളിലും യാത്രകളിലും തനിക്ക് സുരക്ഷ ശക്തമാക്കാനുള്ള പോലീസിന്റെയും ഇന്റലിജൻസിന്റെയും തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. അനാവശ്യമായ സുരക്ഷാ സന്നാഹങ്ങളും കൂടുതൽ അകമ്പടി വാഹനങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് വെച്ച് പോലീസിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളും പൊതുസ്ഥലങ്ങളിലെ ജനത്തിരക്കും കണക്കിലെടുത്ത്, സെഡ് പ്ലസ് (Z-Plus) സുരക്ഷയുടെ ഭാഗമായി കൂടുതൽ പൊലീസുകാരെയും മഫ്തി ഉദ്യോഗസ്ഥരെയും വിന്യസിക്കാൻ ഇന്റലിജൻസ് എഡിജിപി അടുത്തിടെ ഉത്തരവിട്ടിരുന്നു. കൂടാതെ, പൊതുപരിപാടികളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്തുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
എന്നാൽ ഈ കനത്ത സുരക്ഷയോടും നിയന്ത്രണങ്ങളോടുമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അതൃപ്തി ഉണ്ടാണിട്ടുള്ളത്. ഇന്ന് രാവിലെ തിരുവനന്തപുരം കവടിയാറിൽ വെച്ച് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിയോജിപ്പ് അദ്ദേഹം നേരിട്ട് ഡിസിപിയെ അറിയിക്കുകയായിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളും പൈലറ്റ് വാഹനങ്ങളും ഔദ്യോഗിക യാത്രകളിൽ അനുവദിക്കില്ലെന്ന തന്റെ മുൻ നിലപാട് തന്നെയാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. ഔദ്യോഗിക പരിപാടികളിൽ അനാവശ്യമായ ഗതാഗത തടസ്സങ്ങളോ കർശന നിയന്ത്രണങ്ങളോ ഉണ്ടാകരുതെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. സുരക്ഷാ ഭീഷണികളും ഇന്റലിജൻസ് റിപ്പോർട്ടുകളും നിലനിൽക്കെ, മുഖ്യമന്ത്രി തന്നെ സുരക്ഷ വെട്ടിച്ചുരുക്കാൻ ആവശ്യപ്പെട്ടത് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.