Blog Post

Karanavars > News > Health > ഇടുക്കി മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി

ഇടുക്കി മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി

ഇടുക്കി മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തുനിന്നും വീണ്ടും ഗുരുതര വീഴ്ച. ഇരുപത്തിയൊന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് ഫാർമസിയിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.

കഴുത്തിൽ ഉണ്ടായ അലർജിയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം. ആശുപത്രിയിലെ ഫാർമസിയിൽ നിന്നും നൽകിയ ഓയിന്റ്മെന്റാണ് കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയിൽ വ്യക്തമായത്. 2024 ജൂൺ മാസത്തിൽ നിർമ്മിച്ച ഈ മരുന്നിന് രണ്ട് വർഷത്തെ കാലാവധിയാണ് ഉണ്ടായിരുന്നത്. എന്നാൽ, കുഞ്ഞിന് പുരട്ടുന്നതിന് മുൻപ് മാതാപിതാക്കൾ മരുന്നിന്റെ കാലാവധി പരിശോധിച്ചത് കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. മരുന്ന് ഉപയോഗിക്കാതിരുന്നതിനാൽ വലിയ അപകടം വഴിമാറുകയായിരുന്നുവെന്ന് കുഞ്ഞിന്റെ പിതാവ് സോബിൻ വ്യക്തമാക്കി.

സംഭവത്തിൽ കുടുംബം ആശുപത്രി സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സൂപ്രണ്ട് ഫാർമസി ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു മരുന്ന് ഫാർമസിയിൽ സ്റ്റോക്ക് ഇല്ലെന്ന വിചിത്രമായ വാദമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സർക്കാരിന്റെ നേരിട്ടുള്ള വിതരണത്തിലുള്ള മരുന്ന് ഫാർമസിയിൽ എങ്ങനെ എത്തിയെന്നതിനോ, കാലാവധി കഴിഞ്ഞ മരുന്ന് എന്തിനാണ് സൂക്ഷിച്ചതെന്നോ ഉള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അധികൃതർക്കായിട്ടില്ല. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇത്തരം ഗുരുതര സുരക്ഷാ വീഴ്ചകൾ പുറത്തുവരുന്നത്. കുരുന്നുകളുടെ ജീവനോട് കളിക്കുന്ന ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടി വേണമെന്നാണ് വ്യാപകമായ ആവശ്യം ഉയരുന്നത്.

Leave a comment

Your email address will not be published. Required fields are marked *