Blog Post

Karanavars > News > crime > ഇഡി അന്വേഷണം ശരിവെച്ച് ഹൈക്കോടതി; സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയനും കുടുംബത്തിനും കുരുക്ക് മുറുകുന്നു

ഇഡി അന്വേഷണം ശരിവെച്ച് ഹൈക്കോടതി; സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയനും കുടുംബത്തിനും കുരുക്ക് മുറുകുന്നു

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായ സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നിയമപരമെന്ന് കേരള ഹൈക്കോടതി. ഇഡിയുടെ അന്വേഷണ നടപടികളും സമന്‍സുകളും ചോദ്യം ചെയ്തുകൊണ്ട് കമ്പനിയും മറ്റും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. കള്ളപ്പണ വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര ഏജന്‍സിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കുകയാണുണ്ടായത്.

ഹൈക്കോടതിയില്‍ നിന്ന് ഇഡിക്ക് അനുകൂലമായ നിലപാടുണ്ടായതിന് പിന്നാലെ, കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇഡിയുടെ ഈ റിപ്പോര്‍ട്ടും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും പരിഗണിച്ച്, പ്രമുഖര്‍ക്കെതിരായ അന്വേഷണത്തിനായി ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവിട്ടു.

സേവനങ്ങളൊന്നും നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് കമ്പനി കോടികള്‍ കൈപ്പറ്റിയെന്നതാണ് കേസിനാധാരമായ വിഷയം. ഹൈക്കോടതി അനുമതിയോടെ ഇഡി അന്വേഷണം ശക്തമാക്കുകയും, തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും പൊലീസും പ്രാരംഭ അന്വേഷണത്തിലേക്ക് കടക്കുകയും ചെയ്തത് പിണറായി വിജയനും കുടുംബത്തിനും സിപിഎമ്മിനും കനത്ത രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. നിയമപരമായി കേസിനെ നേരിടുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുമ്പോഴും, വരും ദിവസങ്ങളില്‍ വിഷയം കേരളത്തില്‍ വലിയ നിയമ-രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

Leave a comment

Your email address will not be published. Required fields are marked *