Blog Post

Karanavars > News > Food & Security > റേഷൻ അരി കടത്ത്: തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗ്ഗമെത്തിക്കുന്ന അരി ‘ജയ’യും ‘സുരേഖ’യുമാക്കുന്നു

റേഷൻ അരി കടത്ത്: തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗ്ഗമെത്തിക്കുന്ന അരി ‘ജയ’യും ‘സുരേഖ’യുമാക്കുന്നു

അനധികൃതമായി റേഷൻ അരി കടത്തുന്ന സംഘങ്ങൾക്ക് എതിരെ കേരള-തമിഴ്നാട് അതിർത്തികളിൽ സിവിൽ സപ്ലൈസ് വിജിലൻസ് പരിശോധന ശക്തമാക്കി. തമിഴ്നാട്ടിൽ നിന്ന് ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലുമായി കേരളത്തിലേക്ക് എത്തിക്കുന്ന സൗജന്യ റേഷൻ അരിയും ഗോതമ്പും മില്ലുകളിൽ എത്തിച്ച് പോളിഷ് ചെയ്ത് പുതിയ ബ്രാൻഡുകളാക്കി വിപണിയിൽ വിൽക്കുന്ന വൻ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ശക്തമായ മിന്നൽ പരിശോധനകളിൽ ലക്ഷക്കണക്കിന് കിലോ അരിയാണ് വിവിധ ഗോഡൗണുകളിൽ നിന്നും കേന്ദ്രങ്ങളിൽ നിുമായി പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ റേഷൻ വിതരണ കേന്ദ്രങ്ങളിൽ നിന്നും അർഹരായ ആളുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന അരി, ട്രെയിൻ മാർഗ്ഗവും കാറുകളുടെ ഡിക്കികളിലും സ്കൂട്ടറുകളിലുമായാണ് അതിർത്തി കടത്തുന്നത്.

ഇങ്ങനെ രഹസ്യമായി എത്തിക്കുന്ന അരി പ്രാദേശിക മില്ലുകളിൽ എത്തിച്ച് മികച്ച രീതിയിൽ പോളിഷ് ചെയ്ത് ജനപ്രിയ ബ്രാൻഡുകളായ ‘ജയ’, ‘സുരേഖ’ തുടങ്ങിയ പേരുകളിൽ പുതിയ ചാക്കുകളിൽ പാക്ക് ചെയ്ത് ഉയർന്ന വിലയ്ക്കാണ് തുറന്ന വിപണിയിൽ വിൽക്കുന്നത്. റേഷൻ കടകളിൽ വിതരണം ചെയ്യേണ്ട അരിയും ഗോതമ്പുമാണ് ലോറി ഡ്രൈവർമാരുടെയും ഗോഡൗൺ ജീവനക്കാരുടെയും ഒത്താശയോടെ ഇത്തരത്തിൽ കരിഞ്ചന്തയിലേക്ക് ചോർത്തപ്പെടുന്നത്.

സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്ന ഈ വലിയ മാഫിയാ സംഘത്തെക്കുറിച്ച് സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗത്തിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പാറശാല, പനച്ചമൂട്, ഇഞ്ചിവിള ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിൽ പരിശോധനകൾ കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അനധികൃത കടത്ത് തടയാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *