Blog Post

Karanavars > News > latest news > എല്‍ നിനോ കടലിലെ മത്സ്യസമ്പത്ത് കുറയ്ക്കും: ഐഎസ്ആര്‍ഒ കണ്ടെത്തല്‍

എല്‍ നിനോ കടലിലെ മത്സ്യസമ്പത്ത് കുറയ്ക്കും: ഐഎസ്ആര്‍ഒ കണ്ടെത്തല്‍

സമുദ്രങ്ങളിലെ കാലാവസ്ഥാ വ്യതിയാനമായ എല്‍ നിനോ പ്രതിഭാസം കടലിലെ മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുമെന്ന് ഐഎസ്ആര്‍ഒയുടെ (ISRO) പുതിയ പഠന റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒയുടെ ‘ഓഷ്യന്‍സാറ്റ്-3’ (Oceansat-3) ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി നാഷണല്‍ റിമോട്ട് സെൻസിംഗ് സെന്ററാണ് (NRSC) ഈ നിര്‍ണായക കണ്ടെത്തലുകള്‍ പുറത്തുവിട്ടത്. എല്‍ നിനോ രൂപപ്പെടുന്നതിന്റെ ഭാഗമായി സമുദ്രോപരിതലത്തിലെ കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റങ്ങളും, ജലത്തിലെ സൂക്ഷ്മ സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളര്‍ച്ചയിലുണ്ടായ കുറവുമാണ് മത്സ്യസമ്പത്തിനെ ഇല്ലാതാക്കുന്നത്.

കടലിലെ ജീവജാലങ്ങളുടെയും മല്‍സ്യങ്ങളുടെയും പ്രധാന ഭക്ഷണസ്രോതസ്സാണ് ക്ലോറോഫിൽ-എ അടങ്ങിയ ഈ സൂക്ഷ്മ സസ്യങ്ങള്‍. എല്‍ നിനോ ശക്തമാകുമ്പോള്‍ സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും കാറ്റിന്റെ ദിശയിലുള്ള മാറ്റങ്ങളും കാരണം ഇത്തരം പോഷകങ്ങള്‍ ജലോപരിതലത്തിലേക്ക് എത്താതായി തീരുന്നു. ഇത് ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളര്‍ച്ച കുറയാനും അതുവഴി സമുദ്രത്തിലെ ഭക്ഷ്യശൃംഖല തകിടം മറിയാനും കാരണമാകുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

2024, 2025 വര്‍ഷങ്ങളിലെ സാധാരണ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍, എല്‍ നിനോ രൂപം പ്രാപിച്ച 2026 ജൂണിലെ കണക്കുകളില്‍ സമുദ്രത്തിലെ ക്ലോറോഫിലിന്റെ അളവില്‍ വലിയ തോതിലുള്ള ഇടിവാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. ഈ പ്രതിഭാസം തുടര്‍ന്നാല്‍ അത് ആഗോളതലത്തിലും പ്രാദേശികതലത്തിലും സമുദ്രമത്സ്യങ്ങളുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും, പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന മേഖലയെയും ഇത് കടുത്ത പ്രതിസന്ധിയിലാക്കുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനങ്ങളും സമുദ്ര താപനിലയിലെ വര്‍ധനവും കടലിന്റെ ജൈവഘടനയെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഐഎസ്ആര്‍ഒയുടെ ഈ പുതിയ കണ്ടെത്തലുകള്‍.

Leave a comment

Your email address will not be published. Required fields are marked *