തുടർച്ചയായ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവിലയ്ക്ക് ഒടുവിൽ തൽക്കാലത്തേക്ക് ആശ്വാസകരമായ വിരാമം. കഴിഞ്ഞ നാല് ദിവസത്തെ മുന്നേറ്റങ്ങൾക്ക് ശേഷം കേരളത്തിൽ ഇന്ന് സ്വർണവിലയിൽ യാതൊരു മാറ്റവുമില്ല. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളും യുഎസ് ഫെഡ് റിസർവിന്റെ സാമ്പത്തിക നയങ്ങളുമാണ് സംസ്ഥാനത്തെ സ്വർണവ്യാപാര വിപണിയിൽ പ്രകടമായ ഈ സ്ഥിരതയ്ക്ക് പ്രധാന കാരണം.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,195 രൂപയിലും, ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലത്തെ നിരക്കിൽ തന്നെ തുടരുന്നതിനാൽ സ്വർണപ്രിയർക്ക് ഇന്നത്തെ ദിവസം വിലക്കയറ്റത്തിന്റെ അധികഭാരമില്ലാതെ ആഭരണങ്ങൾ സ്വന്തമാക്കാം. അൽപ്പംകൂടി കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 10,800 രൂപ നിരക്കിലാണ് വിൽക്കുന്നത്. കൂടാതെ, 14 കാരറ്റ് സ്വർണം ഗ്രാമിന് 8,440 രൂപയായും, 9 കാരറ്റ് സ്വർണം ഗ്രാമിന് 5,450 രൂപയായും വിപണിയിൽ തുടരുന്നു. വെള്ളി വിലയിലും ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല; ഒരു ഗ്രാം വെള്ളിക്ക് 220 രൂപയാണ് നിരക്ക്.
അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ശക്തി പ്രാടിച്ചതും യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് നിലനിർത്താൻ തീരുമാനിച്ചതുമാണ് രാജ്യാന്തര വിപണിയിൽ സ്വർണവില ചാഞ്ചാട്ടത്തിന് കാരണമാക്കിയത്. ഔൺസിന് 4,068 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം പിന്നീട് 4,078 ഡോളർ വരെ ഉയർന്നുവെങ്കിലും, അതിനുശേഷം 4,030 ഡോളർ നിലവാരത്തിലേക്ക് ഇടിയുകയായിരുന്നു. ഇന്ന് പുറത്തുവരാനിരിക്കുന്ന അമേരിക്കയുടെ മൂന്നാം പാദ ജിഡിപി (GDP) കണക്കുകൾ വരുന്ന മണിക്കൂറുകളിൽ സ്വർണവിലയെ നിർണായകമായി സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ജിഡിപി കണക്കുകൾ ശക്തമായി തുടർന്നാൽ അത് ഫെഡ് റിസർവിന് പലിശ നിരക്ക് ഉയർത്താൻ കരുത്തുപകരുമെന്നതിനാൽ വിപണി അതീവ ജാഗ്രതയോടെയാണ് ഉറ്റുനോക്കുന്നത്.