Blog Post

Karanavars > News > National > വിജയ് പ്രധാനമന്ത്രിയാകണം; പ്രധാനമന്ത്രി ചർച്ചയിൽ ഇടഞ്ഞ് കോൺഗ്രസും ടിവികെയും

വിജയ് പ്രധാനമന്ത്രിയാകണം; പ്രധാനമന്ത്രി ചർച്ചയിൽ ഇടഞ്ഞ് കോൺഗ്രസും ടിവികെയും

തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ പോരിന് കളമൊരുക്കിക്കൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. മുഖ്യമന്ത്രി വിജയ് 2029-ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന ടിവികെ നേതാക്കളുടെ വാദമാണ് മുന്നണിയില്‍ വലിയ തോതിലുള്ള അമര്‍ഷത്തിനും ഭിന്നതയ്ക്കും വഴിവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവിധ പാര്‍ട്ടി പരിപാടികളില്‍, വിജയ് തമിഴ്നാട്ടില്‍ മാത്രമല്ല ദേശീയ തലത്തിലും ഭരണ നേതൃത്വത്തിലേക്ക് എത്തണമെന്നും അതിനുള്ള ജനകീയ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും ടിവികെ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ പുറത്തുവന്ന ചില ദേശീയ അഭിപ്രായ സർവേകളിൽ വിജയിക്ക് ലഭിച്ച മുൻഗണനയാണ് ഇത്തരം ചർച്ചകൾക്ക് ആക്കം കൂട്ടിയത്. എന്നാല്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ നിലപാട് ഇതിന് തികച്ചും വിരുദ്ധമാണ്. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണെന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്.

ടിവികെ നേതാക്കളുടെ ഈ പ്രസ്താവനകള്‍ക്ക് പിന്നാലെ, മുന്നണിയിലെ കടുംപിടുത്തവുമായി കോണ്‍ഗ്രസ് മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. വിജയ് ആണ് ഭാവി പ്രധാനമന്ത്രിയെന്ന വാദത്തില്‍ ടിവികെ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, തമിഴ്നാട് മന്ത്രിസഭയിലുള്ള കോണ്‍ഗ്രസ് മന്ത്രിമാര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ടൂറിസം മന്ത്രി എസ്. രാജേഷ് കുമാര്‍ പരസ്യമായി മുന്നറിയിപ്പ് നല്‍കി. ടിവികെ നേതാക്കള്‍ വിജയ് ആരാധകരുടെ മനോഭാവത്തില്‍ നിന്ന് ഇനിയും പുറത്തുകടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

മറുവശത്ത്, ഭരണപക്ഷ സഖ്യത്തിലെ ഈ അഭിപ്രായവ്യത്യാസങ്ങളെ പ്രതിപക്ഷമായ ഡിഎംകെ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. യാതൊരു യാഥാര്‍ത്ഥ്യബോധവുമില്ലാത്ത അതിമോഹമാണ് ടിവികെ നേതാക്കള്‍ പ്രകടിപ്പിക്കുന്നതെന്ന് ഡിഎംകെ പരിഹസിച്ചു. സഖ്യകക്ഷികള്‍ക്കിടയിലെ ഈ ചേരിപ്പോര് തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *